
Perinthalmanna Radio
Date: 04-12-2024
പെരിന്തൽമണ്ണ: വീടിനു സമീപത്തെ കിണർ ഇടിഞ്ഞു താഴ്ന്നത് പരിഭ്രാന്തി പരത്തി. പെരിന്തൽമണ്ണ ജൂബിലി റോഡിലെ അൽഷിഫ നഴ്സിങ് കോളജിന് സമീപം താമസിക്കുന്ന വഴങ്ങോടൻ ഉമ്മറിന്റെ നിർമാണ പ്രവൃത്തി നടക്കുന്ന വീടിനടുത്തെ കിണറാണ് പുലർച്ചെ ഇടിഞ്ഞു വീണ് മണ്ണിനടിയിലായത്.
വീടിന്റെ നിലം പണിക്കായി രണ്ടുമാസം മുൻപ് കിണറിന് സമിപം ഇറക്കിവച്ചിരുന്ന നാല് ലക്ഷം രൂപ വിലവരുന്ന മാർബിളും കിണറിലേക്ക് താഴ്ന്നുപോയി, 15 മീറ്ററോളം താഴ്‌ചയുള്ള കിണറാണിത്. കിണറിന്റെ മുഴുവൻ ഭാഗവും മണ്ണിടിഞ്ഞ് മൂടിയ നിലയിലാണ്.
വലിയ ശബ്ദം കേട്ട് അയൽവീട്ടുകാർ പുറത്തിറങ്ങി നോക്കിയെങ്കിലും ഇരുട്ട് മൂലം ഒന്നും കാണാനായില്ല. രാവിലെ ഉമ്മറിന്റെ ഭാര്യയാണ് കിണറിന്റെ സ്ഥാനത്ത് മണ്ണിടിഞ്ഞു മൂടിയതായി കണ്ടത്.
രണ്ടുവർഷം മുൻപ് ഈ സ്ഥലത്ത് 2 കുഴൽക്കിണറുകൾ കുഴിച്ചെങ്കിലും വേണ്ടത്ര വെള്ളം ലഭിക്കാതെ വന്നതോടെയാണ് പുതിയ കിണർ നിർമിച്ചത്. ചുറ്റുപാടും വെട്ടുകല്ല് ഉപയോഗിച്ച് കെട്ടിയിരുന്നു.
ഇവരുടെ സമീപത്തുള്ള കുടുംബങ്ങളും ഈ കിണറിൽ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. 2 മാസം മുൻപ് ഉമ്മർ വിദേശത്തേക്ക് പോയിരുന്നു. ഇതിനു മുൻപാണ് മാർബിൾ എത്തിച്ച് കിണറിനു സമീപം വച്ചത്.
ഇതെല്ലാം കിണറിലേക്ക് ആഴ്‌ന്നു പോയി. വിവരമറിഞ്ഞ് അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.സഈദ സ്ഥലം സന്ദർശിച്ചു.
വില്ലേജ് ഓഫിസ് അധികൃതരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
