വ്യാജ പുക പരിശോധനാ സർട്ടിഫിക്കറ്റുകൾ വ്യാപകമാകുന്നു; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Share to


Perinthalmanna Radio
Date: 04-12-2025

പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് വ്യാജനെങ്കില്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാകും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യാജ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നേടിയ 50 വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് ആരംഭിച്ചു. ഉടമകള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ഇതര സംസ്ഥാന പുക പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നേടുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക പരിശോധന തുടങ്ങി. കേരള രജിസ്ട്രേഷന്‍ വാഹനങ്ങള്‍ മറ്റെവിടെയെങ്കിലും പരിശോധന നടത്തിയാല്‍ വിവരം ലഭിക്കും വിധമാണ് ക്രമീകരണം.

കേരളത്തിലേക്ക് വ്യാജ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലത്തിന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കത്ത് നല്‍കി.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹരിയാണ, പശ്ചമബംഗാള്‍ എന്നിവിടങ്ങളിലെ പുകപരിശോധനാകേന്ദ്രങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇവയുടെ പട്ടിക കേന്ദ്രത്തിന് കൈമാറി. വ്യാജ സോഫ്റ്റ്വേര്‍ ഉപയോഗിച്ചാണ് ഇവര്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

സര്‍ട്ടിഫിക്കറ്റ് വേണ്ട വാഹനങ്ങളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി വ്യാജ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കേന്ദ്രങ്ങള്‍ക്ക് കൈമാറും. അവര്‍ വാഹനത്തിന്റെ ചിത്രം ഉള്‍ക്കൊള്ളിച്ച് അവിടെ പരിശോധന നടന്നതായി കാണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും.

പുക പരിശോധനയ്ക്ക് വാഹന ഉടമയുടെ മൊബൈല്‍നമ്പര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഉടമയുടെ ആധാര്‍ അധിഷ്ഠിത മൊബൈല്‍ നമ്പരിലേക്ക് വരുന്ന ഒറ്റത്തവണ പാസ്വേര്‍ഡ് ഉപയോഗിച്ച് മാത്രമേ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയൂ.

മൊബൈല്‍ നമ്പര്‍ വാഹനരേഖകളില്‍ കൂട്ടിച്ചേര്‍ത്തിട്ടില്ലാത്തവരാണ് വ്യാജ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റിന് പിന്നാലെ പോകുന്നത്. സംസ്ഥാനത്തെ ചില പുകപരിശോധനാകേന്ദ്രം നടത്തിപ്പുകാരും ഇതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *