
Perinthalmanna Radio
Date: 05-02-2024
പെരിന്തൽമണ്ണ: മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിൽ യുവതിയെ കടന്നുപിടിച്ച് അപമാനിച്ച കേസിൽ പ്രതി രണ്ടു മാസത്തിനു ശേഷം പിടിയിൽ. എടത്തനാട്ടുകര ചിലാച്ചോല സ്വദേശി കുളപ്പാറ വീട്ടിൽ വിഷ്ണുവിനെ(29) ആണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം നവംബറിലാണ് സംഭവം. യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണുന്നതിനായി എത്തിയതായിരുന്നു.
സ്റ്റാൻഡിൽ ബസിറങ്ങി ഓട്ടോറിക്ഷാ പാർക്കിനു സമീപത്തേക്ക് നടന്നുപോകുന്ന സമയത്ത് യുവതിയെ പെട്ടെന്ന് കയറിപ്പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടൻതന്നെ ഓടിക്കളയുകയും ചെയ്തു. സംഭവസമയത്തു തന്നെ യുവതി അക്രമിയെ പിന്തുടരാൻ ശ്രമിച്ചെങ്കിലും ഇയാൾ കടന്നുകളഞ്ഞ ു.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും വിശദമായി പരിശോധിച്ചും രൂപസാദൃശ്യമുള്ള ഒട്ടേറെപ്പേരെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയും നടത്തിയ അന്വേഷണത്തിനു ശേഷമാണ് യഥാർഥ പ്രതിയിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം പ്രതി വിവിധ സ്ഥലങ്ങളിലായി നിർമാണ മേഖലയിലും മറ്റും ജോലി ചെയ്തു വരികയായിരുന്നു.
തിരുവനന്തപുരത്ത് പ്രതി ജോലി ചെയ്യുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെ പൊലീസ് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നിർദേശപ്രകാരം എസ്ഐ ഷിജോ സി.തങ്കച്ചനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എസ്ഐ അഷ്റഫലി, സീനിയർ സിപിഒ ജയമണി, സിപിഒമാരായ കൃഷ്ണപ്രസാദ്, സജീർ, സൽമാൻ, അബ്ദുൽ സത്താർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ പെരിന്തൽമണ്ണ കോടതിയുടെ ചുമതലയുള്ള മലപ്പുറം ജെഎഫ്സിഎം കോടതി റിമാൻഡ് ചെയ്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
