
Perinthalmanna Radio
Date: 05-02-2025
പെരിന്തൽമണ്ണ: കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകളുടെ പണിമുടക്കിൽ ഇന്നലെ ജില്ലയിലെ വിവിധ ഡിപ്പോകളിൽ പകുതി സർവീസുകളും മുടങ്ങിയെന്നു സമരക്കാർ. ഭരണപക്ഷ സംഘടനകളിലെ ചില ജീവനക്കാരും സമരത്തെ പിന്തുണച്ചെന്നും അവകാശവാദം. അതേ സമയം ജില്ലാ ആസ്ഥാന ഡിപ്പോയിലടക്കം റിസർവേഷനുള്ള ദീർഘദൂര ബസുകളെല്ലാം ഓടിച്ചെന്നു കെഎസ്ആർടിസി അധികൃതർ. പാലക്കാട്- കോഴിക്കോട് റൂട്ടിലടക്കം കെഎസ്ആർടിസി ബസുകളുടെ സർവീസുകൾ മുടങ്ങിയതോടെ സമയം തെറ്റിയും തിരക്കിലമർന്നും വലഞ്ഞു യാത്രക്കാർ. പണിമുടക്കു ബാധിച്ച കെഎസ്ആർടിസി റൂട്ടുകളിൽ കലക്ഷനിൽ സ്വകാര്യ ബസുകൾ ബംപറടിച്ചു. പെരിന്തൽമണ്ണ ഡിപ്പോയിൽ 15 പേർ ഹാജരായപ്പോൾ 20 ജീവനക്കാർ സമരത്തിൻ്റെ ഭാഗമായി. 16 സർവീസുകൾ ഓടിയപ്പോൾ 16 എണ്ണം മുടങ്ങി.
എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകുക, ഡിഎ അനുവദിക്കുക, പൊതുഗതാഗത മേഖല സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ജില്ലയിൽ പൊന്നാനി ഒഴികെയുള്ള ഡിപ്പോകളെയെല്ലാം സമരം കാര്യമായി ബാധിച്ചെന്നാണു സമരക്കാരുടെ വാദം. കോഴിക്കോട്–പാലക്കാട് റൂട്ടിൽ വിവിധ ഡിപ്പോകളിൽ നിന്നുള്ള 25 സർവീസുകളെങ്കിലും ജീവനക്കാരെത്താത്തിനാൽ മുടങ്ങി. എടപ്പാൾ റീജനൽ വർക്ഷോപ്പിലും പകുതി ജീവനക്കാർ മാത്രമാണെത്തിയതെന്നും ഇവർ അവകാശപ്പെടുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
