
Perinthalmanna Radio
Date: 05-02-2026
പെരിന്തൽമണ്ണ: തൂതപ്പാലത്തിന് സമാന്തരമായി നിർമിക്കുന്ന പുതിയ പാലം മാർച്ചിൽ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കാനാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പാലത്തിന്റെ ഉപരിതല കോൺക്രീറ്റ് പണി അവസാന ഘട്ടത്തിലാണ്. മധ്യ ഭാഗത്ത് രണ്ട് സ്ലാബുകളുടെ ഉപരിതലം മാത്രമാണ് കോൺക്രീറ്റ് ചെയ്യാൻ ശേഷിക്കുന്നത്. ഇതിന്റെ സെൻട്രിങ് പണികൾ പുരോഗമിക്കുന്നു. ആറു തൂണുകളിൽ 140 മീറ്ററോളം നീളമുള്ള പാലമാണ് നിർമിക്കുന്നത്. 10 മീറ്റർ വീതിയും കിഴക്കുഭാഗത്ത് നടപ്പാതയും ഉണ്ടാകും. തൂണുകൾ ഗർഡറുകൾകൊണ്ട് ബന്ധിപ്പിച്ചാണ് നിർമാണം.
18 ഗർഡറുകളാണുള്ളത്. ഗർഡറുകൾ സ്ഥാപിക്കൽ ജനുവരി മധ്യത്തിൽ പൂർത്തിയായി. തുടർന്നുള്ള പ്രവൃത്തികളും ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. തൂത-മുണ്ടൂർ സംസ്ഥാനപാത നാലുവരിയായി നവീകരിക്കുന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് പാലം നിർമാണം. 1935-ൽ ബ്രിട്ടീഷ് ഭരണകാലത്ത് പണിത പാലത്തിൽകൂടിയാണ് നിലവിലെ ഗതാഗതം.
ജില്ലാ അതിർത്തിയിലെ തൂതപ്പുഴയ്ക്ക് കുറുകേയുള്ള നിലവിലെ പാലത്തിന്റെ വീതിക്കുറവ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. നാലുവരിപ്പാത പ്രയോജനപ്പെടണമെങ്കിൽ സൗകര്യപ്രദമായ പാലവും വേണമെന്നതുകൊണ്ടാണ് പുതിയ പാലം നിർമിക്കുന്നത്. കാലപ്പഴക്കം കാരണം ബലക്ഷയം നേരിടുന്ന നിലവിലെ പാലത്തെ സംബന്ധിച്ച് തൃശ്ശൂർ എൻജിനിയറിങ് കോളേജ് പഠനം നടത്തിയിരുന്നു.
നിലവിലെ പാലം പൂർണമായി പൊളിച്ചുനീക്കി പുതിയ പാലം നിർമിക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. പുതിയ പാലത്തിന്റെ പണി പൂർത്തിയായി ഗതാഗതത്തിനു തുറന്നുകൊടുത്തതിനുശേഷം നിലവിലെ പാലത്തിന്റെ ഉപരിതലം ടാർ ചെയ്യും.
തുടർന്ന് നിലവിലെ പാലവും ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ രണ്ടു പാലങ്ങളിലുമായി നാലുവരിപ്പാതയിലെ ഗതാഗതനിയന്ത്രണം നിലവിൽ വരും. മാർച്ചിൽ പാലം നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുക്കാനാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി കെ.എസ്ടി.പി. ലോകബാങ്കിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മൊത്തം 324 കോടി രൂപ ചെലവിലാണ് തൂത-മുണ്ടൂർ സംസ്ഥാനപാത നാലുവരിയായി നവീകരിക്കുന്നത്.
തൂത-മുണ്ടൂർ സംസ്ഥാനപാത നാലു വരിയായി നവീകരിക്കുന്ന പദ്ധതി അവസാന ഘട്ടത്തിലെത്തിയതോടെ യാഥാർഥ്യമാകുന്നത് സ്വപ്നപദ്ധതി. 36.6 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമാണം പൂർത്തിയായി. തൂതയിലെ പുതിയ പാലത്തിന്റെ പണിയും അനുബന്ധപ്രവൃത്തികളും മാത്രമാണ് ശേഷിക്കുന്നത്. വീതിക്കുറവുള്ള ഏതാനും ഭാഗങ്ങൾ ഒഴിച്ചുള്ള ഇടങ്ങളിൽ മധ്യഭാഗത്ത് ഡിവൈഡർ നിർമിച്ച് നാലുവരിയാക്കിയതിനാൽ ഗതാഗതം സുഗമമായി. പാലക്കാട് ഭാഗത്തേക്ക് വാഹനക്കുരുക്കില്ലാതെ പോകാൻ സാധിക്കുന്നതും മണ്ണാർക്കാട് വഴി പാലക്കാട്ടേക്ക് ഉള്ളതിനേക്കാൾ ചെർപ്പുളശ്ശേരി, കടമ്പഴിപ്പുറം വഴി പത്തു കിലോമീറ്റർ കുറവും ഉള്ളതിനാൽ റോഡിൽ ഇതിനോടകംതന്നെ തിരക്കേറിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തൂത മുതൽ പെരിന്തൽമണ്ണ വരെയുള്ള 11 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗം നാലുവരിയായി നവീകരിക്കാത്തത് ഗതാഗതത്തിന് പ്രശ്നമാകുന്നുണ്ട്. വീതിക്കുറവും അപകടവളവുകളുമാണ് ഇവിടെ പ്രതിസന്ധിയാകുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
