
Perinthalmanna Radio
Date: 05-03-2026
പെരിന്തൽമണ്ണ: ടൗൺ നവീകരണത്തിന് മുൻഗണന നൽകുന്ന 144.70 കോടി രൂപ വരവും 79.53 കോടി പദ്ധതി ഇതര ചെലവും 62.25 കോടി രൂപ പദ്ധതി ചെലവും ഉൾപ്പെടെ 141.7 കോടി രൂപ ചെലവും 2.92 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പെരിന്തൽമണ്ണ നഗരസഭയിൽ അവതരിപ്പിച്ചു. മുൻകാല കൗൺസിലുകൾ വരുത്തിവച്ച കടക്കെണി അക്കമിട്ട് നിരത്തിയാണ് നഗരസഭയുടെ 2026–27 വർഷത്തെ ബജറ്റ് വൈസ് ചെയർമാൻ എം.ബി.ഫസൽ മുഹമ്മദ് അവതരിപ്പിച്ചത്.
ഹഡ്‌കോ വായ്‌പ തിരിച്ചടവ്(2.69 കോടി), കരാറുകാർക്ക് കുടിശിക(6.29 കോടി), ഇൻഡോർ മാർക്കറ്റിലേക്ക് നിക്ഷേപകർ നൽകിയ തുക(17.66 കോടി), ഇൻഡോർ മാർക്കറ്റ് 2 ഘട്ടങ്ങളുടെ പൂർത്തീകരണം(30 കോടി), ആയുർവേദ ആശുപത്രി നിർമാണം(3 കോടി), തിരികെ നൽകേണ്ടുന്ന വാടക അഡ്വാൻസ്(33 കോടി), മനഴി, തറയിൽ സ്‌റ്റാൻഡുകളിലെ മുറികൾ ഒഴിഞ്ഞു പോയവർക്ക് നൽകേണ്ടത്(10 കോടി), ഒലിങ്കര ഫ്ലാറ്റ് ദ്രവമാലിന്യ പ്ലാന്റ്(2.35 കോടി) എന്നിങ്ങനെ നഗരസഭയ്‌ക്ക് ബാധ്യതയുണ്ട്. കോഴിക്കോട് റോഡ് മാനത്തുമംഗലം ബൈപാസ് വീതി കൂട്ടി 7 കോടി രൂപയുടെ ബൈപാസ് ഇന്നവേഷൻ പദ്ധതി നടപ്പാക്കും.
70 വയസ്സ് പിന്നിട്ട വയോജനങ്ങൾക്ക് വർഷത്തിൽ 4 തവണ പോഷകാഹാര കിറ്റുകൾ സമ്മാനിക്കുന്ന ഗോൾഡൻ കിറ്റ് പദ്ധതി(25 ലക്ഷം), നഗരസഭയെ ഹാപ്പിനസ് സിറ്റിയാക്കി മാറ്റാനുദേശിച്ച് മൈൻഡ് ഹീലിങ് ക്ലീനിക്(10 ലക്ഷം), സാമൂഹിക ജീവിതത്തിന്റെ ശാക്തീകരണവും ഓരോ പ്രദേശത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമാക്കി സോഷ്യോ എക്കണോമിക് ഹെൽത്ത് പ്രോഗ്രാം(25 ലക്ഷം), തെരുവുനായ ശല്യം പരിഹരിക്കാൻ മാലിന്യ സംസ്കരണ പ്ലാന്റിൽ എബിസി ഷെൽട്ടർ ആൻഡ് കെയർ(50 ലക്ഷം), വർക്ക് നിയർ ഹോം പ്രകാരം 500 യുവാക്കൾക്ക് തൊഴിൽ നൽകുന്ന നോളജ് എക്കണോമി മിഷൻ(2 കോടി), ഉൽപാദന മേഖലയുടെ ശാക്തീകരണത്തിന് മിഷൻ അഗ്രോ(1.30 കോടി), കലാ–കായിക–സാംസ്കാരിക മേഖലയുടെ പ്രോത്സാഹനത്തിനും പരിപാലനത്തിനും പ്രത്യേക പദ്ധതി(1.90 കോടി), ഭവന നിർമാണം(3.5 കോടി), ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ പ്രത്യേക പദ്ധതി(14 കോടി), ആയൂർവേദാശുപത്രിയുടെ പൂർത്തീകരണം –ഹോമിയോ ആശുപത്രിയുടെ സേവന വിപുലീകരണം(1.75 കോടി) എന്നിവ നടപ്പാക്കും.
കൃഷി–വ്യവസായം(1.30 കോടി), വിദ്യാഭ്യാസം(1.90 കോടി), റോഡ് വികസനം(20 കോടി), കുടിവെള്ളം(14 കോടി),ആരോഗ്യ മേഖല(1.75 കോടി), മാലിന്യ സംസ്കരണം(3.21 കോടി), എസ്‌സി ക്ഷേമം(2.95 കോടി), സാമൂഹിക നീതി വികസനം(30 ലക്ഷം) എന്നിവയ്‌ക്കെല്ലാം ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. കക്കൂത്ത് സ്വകാര്യ വ്യക്തി വിട്ടുനൽകിയ സ്ഥലത്ത് ആരോഗ്യ കേന്ദ്രം സ്ഥാപിക്കും.
നിർജീവമായി കിടക്കുന്ന ചെയർപഴ്സൻ ദുരിതാശ്വാസ നിധി പുനരുജ്ജീവിപ്പിക്കും. ആവശ്യമായ കേന്ദ്രങ്ങളിൽ തെരുവു വിളക്കുകൾ സ്ഥാപിക്കും. മുൻകാല കൗൺസിലുകളുടെ കാലത്ത് നടന്ന ഒട്ടേറെ പദ്ധതികൾക്ക് പിന്നിൽ മതിയായ ആസൂത്രണമോ ഗ്രഹപാഠമോ ഉണ്ടായില്ലെന്ന് ബജറ്റ് കുറ്റപ്പെടുത്തി. നഗരസഭാധ്യക്ഷ പച്ചീരി സുരയ്യാ ഫാറൂഖ് ആധ്യക്ഷ്യം വഹിച്ചു. ഇന്ന് രാവിലെ 10 മുതൽ ബജറ്റ് ചർച്ച നടക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
