വികസന പ്രതീക്ഷയിൽ കൊടികുത്തിമല; സന്ദർശന സമയം വർധിപ്പിക്കും, ശലഭ ഉദ്യാനം തുടങ്ങും

Share to

Perinthalmanna Radio
Date: 05-04-2025

പെരിന്തൽമണ്ണ : കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് പ്രതീക്ഷ നൽകി വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വനം-പരിസ്ഥിതി-ടൂറിസം നിയമസഭാ സബ്ജക്റ്റ് കമ്മിറ്റി അംഗങ്ങളുടെ കൊടികുത്തിമല സന്ദർശനം. വനം മന്ത്രിക്ക്‌ പുറമെ സബ്ജക്ട് കമ്മിറ്റി അംഗങ്ങളും എംഎൽഎമാരുമായ സി. കെ. ഹരീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി, നജീബ് കാന്തപുരം, വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് കൊടികുത്തിമലയിലെത്തിയത്. മലപ്പുറം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിനു ശേഷമാണ് എത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥരും വനം സംരക്ഷണസമിതി ഭാരവാഹികളുമായും മന്ത്രിയും മറ്റ് അംഗങ്ങളും ചർച്ച നടത്തി. കൊടികുത്തിമലയെ കേരളത്തിലെ പ്രധാനപ്പെട്ട ഒരു ഇക്കോ ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്നും സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ കൂടുതൽ സൗകര്യങ്ങൾ കേന്ദ്രത്തിൽ ഒരുക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കൊടികുത്തിമലയിലെത്തുന്ന സഞ്ചാരികൾക്ക് സൂര്യോദയവും സൂര്യാസ്തമയവും കാണുന്നതിന് സൗകര്യമൊരുക്കും. രാവിലെ 5.30 മുതൽ വൈകുന്നേരം ഏഴു മണി വരെയായിരിക്കും പ്രവർത്തന സമയം.

വനം സംരക്ഷണ സമിതി യോഗം ചേർന്ന ശേഷമായിരിക്കും പുതിയ സമയക്രമം നടപ്പിൽ വരുത്തുക. പുതിയ സമയക്രമം നിലവിൽ വരുത്തുന്നതിന് ജീവനക്കാരുടെയും ടൂറിസ്റ്റ് ഗൈഡുമാരുടെയും ജോലി സമയത്തിലും ക്രമീകരണം നടത്തേണ്ടതുണ്ട്. ഇക്കാര്യങ്ങൾക്ക് അന്തിമരൂപം നൽകുന്നതിന് ഉടൻ വനം സംരക്ഷണസമിതി യോഗം ചേരും.

കൊടികുത്തിമലയിൽ മേയ് മാസത്തിൽത്തന്നെ കൂടുതൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കും. ഇവിടെ ശലഭ ഉദ്യാനം ആരംഭിക്കാനും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സൗകര്യപ്രദമാവുന്ന തരത്തിൽ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് വൈദ്യുതി വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്നും നാട്ടുകാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള വികസനപദ്ധതികൾ കൊടികുത്തിമലയിൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജസ്റ്റിൻ മോഹൻ, ഡി.എഫ്.ഒ. ധനിക് ലാൽ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. രാജീവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *