കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പെരിന്തല്‍മണ്ണയില്‍ ഇ.ടിയുടെ ഭൂരിപക്ഷം 26,799

Share to

Perinthalmanna Radio
Date: 05-06-2024

പെരിന്തല്‍മണ്ണ: 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഫോട്ടോഫിനിഷില്‍ സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഈ ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം.

മണ്ഡലത്തില്‍ എല്ലാ പഞ്ചായത്തുകളിലും ഈ മികവ് പ്രകടമായി. 26,799 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇ.ടി. മുഹമ്മദ് ബഷീറിന് പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ മാത്രം. കൃത്യം മൂന്നു വർഷം മുമ്ബ് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേവലം 38 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു വിജയിച്ച നജീബ് കാന്തപുരത്തിന്. കോവിഡ് കാലത്തെ സ്പെഷല്‍ തപാല്‍ വോട്ടില്‍ സാധുവായ 348 വോട്ടുകള്‍ എണ്ണിയില്ലെന്ന് എതിർ സ്ഥാനാർഥി കെ.പി.എം മുസ്തഫ പരാതി ഉന്നയിക്കുകയും വിഷയം കോടതി കയറുകയും ചെയ്തു. ഈ ഹരജി ഇപ്പോഴും ഹൈകോടതിയുടെ തീർപ്പ് കാത്ത് കിടക്കുകയാണ്.

മണ്ഡലത്തില്‍ പെരിന്തല്‍മണ്ണ നഗരസഭയും പുലാമന്തോള്‍, മേലാറ്റൂർ, താഴേക്കോട് എന്നീ പഞ്ചായത്തുകളും ഇടതുപക്ഷവും ഏലംകുളം, ആലിപ്പറമ്ബ്, വെട്ടത്തൂർ പഞ്ചായത്തുകള്‍ യു.ഡി.എഫും ഭരിക്കുന്നു. സി.പി.എം ഭരിക്കുന്ന താഴേക്കോട് പഞ്ചായത്തില്‍ 6366 വോട്ടും പുലാമന്തോളില്‍ 2442 വോട്ടും പെരിന്തല്‍മണ്ണ നഗരസഭയില്‍ 2388 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി ഇ.ടിക്ക് ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്.

ലീഗിനെ എക്കാലത്തും പിന്തുണക്കുന്ന ആലിപ്പറമ്ബില്‍ 6162 വോട്ടാണ് ഇ.ടിയുടെ ഭൂരിപക്ഷം. പാരമ്ബര്യമായി സി.പി.എം ഭരിച്ചുവന്ന ഏലംകുളം പഞ്ചായത്തില്‍ 1029 വോട്ടാണ് യു.ഡി.എഫ് ലീഡ്. കടുത്ത മത്സരം നടന്ന 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏലംകുളത്ത് ഇടതുപക്ഷത്തിന് 1800 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. വെട്ടത്തൂരില്‍ 4653 വോട്ടും മേലാറ്റൂരില്‍ 3759 വോട്ടും യു.ഡി.എഫിന് ലീഡുണ്ട്. എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ തമ്മില്‍ രാഷ്ട്രീയമായി ശരാശരി 5,000 വോട്ടിന്റെ വ്യത്യാസമാണ് മണ്ഡലത്തിലെന്നാണ് കണക്കാക്കുന്നത്. എന്നിട്ടും 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കേവലം 38 വോട്ടായി. 2016ല്‍ നിയമസഭ തെരഞ്ഞെുപ്പില്‍ കനത്ത പോരാട്ടത്തില്‍ 70,990 വോട്ട് മഞ്ഞളാംകുഴി അലിയും 70,411 വോട്ട് വി.ശശികുമാറും നേടി മഞ്ഞളാംകുഴി അലിയുടെ ഭൂരിപക്ഷം 579 ല്‍ ഒതുങ്ങി.

അതേസമയം, 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി 79,867 വോട്ട് നേടിയപ്പോള്‍ സി.പി.എമ്മിലെ വി.പി. സാനുവിന് ലഭിച്ചത് 56,829 വോട്ടാണ്.

അത് ഇത്തവണ ഇ.ടി. മുഹമ്മദ് ബഷീറിന് 85,319, വി.വസീഫിന് 58,520, എൻ.ഡി.എ സ്ഥാനാർഥി ഡോ.അബ്ദുല്‍ സലാമിന് 10,486 എന്നിങ്ങനെയായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *