
Perinthalmanna Radio
Date: 05-06-2025
പെരിന്തൽമണ്ണ ∙ കോഴിക്കോട്– പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലം പരിസരത്തെ റോഡ് തകർച്ചയും കുണ്ടും കുഴിയും പരിഹരിക്കാൻ അടിയന്തര നടപടിയുമായി അധികൃതർ. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം യോഗം ചേർന്നു കർമപദ്ധതി തയാറാക്കി. ആദ്യ ഘട്ടത്തിൽ, റോഡിലെ കുണ്ടും കുഴിയും താൽക്കാലികമായി അടയ്‌ക്കും. പിന്നീടു കട്ട പതിച്ച്, സ്ഥിരമായി തകർച്ച ഇല്ലാതാക്കും.
ഈ ഭാഗത്തു റോഡ് നവീകരിക്കാൻ ദിവസങ്ങളോളം അടച്ചിടേണ്ടി വരുമെന്നതിനാലാണു തൽക്കാലം കുഴിയടയ്‌ക്കുന്നത്. പിന്നീടു മുന്നൊരുക്കങ്ങൾ നടത്തി ഗതാഗതം നിയന്ത്രിച്ചു നവീകരണം നടത്തും. മഞ്ഞളാംകുഴി അലി എംഎൽഎ മുൻകയ്യെടുത്താണ് ഇതു സംബന്ധിച്ച നടപടികൾക്കു വേഗം കൂട്ടിയത്. കഴിഞ്ഞ ദിവസം ഇവിടെ താൽക്കാലിക കുഴിയടയ്‌ക്കൽ നടത്തിയതു മൂലം പാതയിൽ ഗതാഗതക്കുരുക്ക് കുറവായിരുന്നു.
അതിനിടെ, നിർദിഷ്‌ട ചാത്തനല്ലൂർ ഏഴുകണ്ണിപ്പാലം റെയിൽവേ അടിപ്പാതയ്‌ക്കായി കണ്ടെത്തിയ സ്ഥലം കഴിഞ്ഞ ദിവസം മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. അങ്ങാടിപ്പുറം- പട്ടിക്കാട് റെയിൽവേ ലൈനിനു താഴെ റെയിൽവേ സ്‌റ്റേഷനിൽനിന്ന് ഏകദേശം 300 മീറ്റർ മാറിയാണ് അടിപ്പാത നിർമിക്കുന്നത്. അടിപ്പാതയ്‌ക്കു റെയിൽവേ 3.53 കോടി രൂപയുടെ ഫൈനൽ എസ്‌റ്റിമേറ്റ് തയാറാക്കിയ സാഹചര്യത്തിലാണു സന്ദർശനം.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
