
Perinthalmanna Radio
Date: 05-07-2025
പെരിന്തല്‍മണ്ണ: ലൈസൻസില്ലാതെയും അപകടകരമായും ഇരുചക്ര വാഹനങ്ങളുമായി സ്കൂളുകളില്‍ വിദ്യാർഥികൾ എത്തുന്നത് തടയാൻ പെരിന്തല്‍മണ്ണ പൊലീസ് രണ്ടു ദിവസമായി നടത്തിയ പരിശോധനയില്‍ 40 ഓളം ബൈക്കുകള്‍ പിടികൂടി. ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിലാണ് 15 മുതല്‍ 17 വയസുവരെയുള്ള പ്രായക്കാർ ഓടിച്ചുവന്ന ബൈക്കുകളും പിടികൂടിയത്. ഇതിന് രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത് വിദ്യാർഥിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് നല്കി. പ്രായപൂർത്തിയാവാത്ത വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് 30,000 വരെയാണ് ഓരോരുത്തർക്കും പിഴയിട്ടത്. ബാക്കിയുള്ളവർ 18 തികഞ്ഞവരാണ്. ഇവർക്ക് ലൈസൻസില്ലാതെ ഓടിച്ചതിനുള്ള പിഴ ചുമത്തി. വീട്ടുകാർ അറിയാതെയും മറ്റും ഇരുചക്രവാഹനങ്ങളുമായി എത്തുന്നവരും ഇതിലുണ്ട്.
ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളെ വളിച്ചു വരുത്തി പൊലീസ് ബോധവല്കരണം നടത്തി. പെരിന്തല്‍മണ്ണ സ്റ്റേഷൻ പരിധിയിലെ പെരിന്തല്‍മണ്ണ, താഴേക്കോട്, ആനമങ്ങാട്, അങ്ങാടിപ്പുറം, പരിയാപുരം തുടങ്ങി വിവിധ സ്കൂള്‍ പരിസരങ്ങളിലാണ് ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായാണ് പരിശോധന നടത്തിയത്.
ഹൈസ്കൂള്‍, ഹയർസെക്കൻഡറി സ്കൂളുകളില്‍ പലപ്പോഴായി സംഭവിച്ച അടിപിടികളില്‍ ഇരുചക്ര വാഹനങ്ങളുമായി വരുന്ന വിദ്യാർഥികളുടെ പങ്കും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. സ്കൂളിലേക്ക് ലൈസൻസില്ലാത്തവർ വാഹനവുമായി എത്തി സ്കൂളിനു സമീപം വീടുകളില്‍ സൂക്ഷിക്കുകയാണ് പതിവ്.
ഇത്തരത്തില്‍ വാഹനങ്ങള്‍ സൂക്ഷിക്കുന്നത് കണ്ടാല്‍ വീട്ടുകാർക്കെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
