മരിച്ചവർ ഒഴുകുന്ന പുഴയായി ചാലിയാർ; ലഭിച്ചത് 76 മൃതദേഹങ്ങളും 157 ശരീരഭാഗങ്ങളും

Share to

Perinthalmanna Radio
Date: 05-08-2024

മലപ്പുറം: ജൂലൈ മുപ്പത്, നേരം പുലരുന്നുവൊള്ളൂ. പോത്തുകല്ല് ഭാഗത്തു പുഴയിൽ ഒരു കുട്ടിയുടെ മൃതദേഹം ഒഴുകി വന്നിട്ടുണ്ടെന്ന് വാർത്ത വരുന്നു. പിന്നാലെ പോത്തുകല്ല് വില്ലേജ് പരിധിയിൽ വെള്ളിലമാട് ഒരു മൃതദേഹം കൂടി കരക്കടിഞ്ഞെന്നും വാർത്ത. പോത്തുകല്ല് വില്ലേജ് പരിധിയിൽ മുക്കത്ത് പുഴയിൽ മൂന്നാമത്തെ മൃതദേഹം കരക്കടിഞ്ഞതോടെ കേരളക്കരയെ കണ്ണീരിലാക്കിയ വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടലിന്റെ ഭീകരത മനസ്സിലായത്.

പിന്നാലെ മൃതദേഹങ്ങളുടെ എണ്ണവും കൂടിക്കൂടി വന്നു. കേരളക്കര കണ്ണീരണിഞ്ഞ ദുരന്തത്തിൽ മലപ്പുറം ജില്ലയിലെ ചാലിയാർ പുഴ കടന്നുപോകുന്ന പ്രദേശങ്ങളും ആധിയിലായി. കണ്ണിമവെട്ടാതെ ചാലിയാറിന്റെ ഓളങ്ങളിൽ അവർ നിശ്ചലമായ മനുഷ്യശരീരങ്ങൾക്കായി തെരച്ചിൽ തുടങ്ങി. മനുഷ്യർ മനുഷ്യരെ കോർത്തുപിടിച്ചുകൊണ്ട് മനുഷ്യർക്കായുള്ള തിരച്ചിൽ. ഓരോ മനുഷ്യരെയും വെള്ളത്തിൽനിന്ന് കോരിയെടുക്കുമ്പോൾ രക്ഷാപ്രവർത്തകരും കണ്ണിൽ കണ്ണുനീരുണ്ടയിരുന്നില്ല. നിറഞ്ഞുനിന്നത് മരവിപ്പായിരുന്നു.

ഉരുൾപ്പൊട്ടൽ നടന്ന ആദ്യദിവസം തന്നെ നിലമ്പൂർ ജില്ലാ ആശുപത്രയിലെത്തിച്ചത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളുമാണ്. നിലമ്പൂർ, മുണ്ടേരി എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. 19 പുരുഷൻമാർ, 11 സ്ത്രീകൾ, 2 ആൺകുട്ടികൾ, 25 ശരീരഭാഗങ്ങൾ എന്നിങ്ങനെയാണ് ലഭിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾ രാത്രിയിലും തുടർന്നു.

ചാലിയാർ കേന്ദ്രീകരിച്ച് തെരച്ചിൽ ഊർജിതമാക്കി. സന്നദ്ധ സംഘടനാ പ്രവർത്തകരും പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ഒന്നിച്ച് നിന്ന് പ്രവർത്തിച്ചു. രണ്ടാമത്തെ ദിവസം 20 മൃതദേഹങ്ങളും 59 അവശിഷ്ടങ്ങളും ലഭിച്ചു. പലതും തിരച്ചറിയാൻ സധിക്കാത്തവ. ഉരുൾപൊട്ടലിന്റെ രണ്ടാമത്തെ ദിവസം മൊത്തത്തിൽ 52 മൃതദേഹങ്ങളും 75  ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതിൽ 28 മൃതദേഹങ്ങളും 28 ശരീര ഭാഗങ്ങളും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് വയനാട്ടിലേക്ക് കൊണ്ട് പോയി. എല്ലാ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും മേപ്പാടി സി.എച്ച്.സിയിലേക്കാണ് മാറ്റിയത്. വികാരഭരിതമായ അവസാനത്തെ യാത്രയയപ്പ്.

പോലീസ്, വനം, ഫയർഫോഴ്‌സ്, എൻ.ഡി.ആർ.എഫ് , നാട്ടുകാർ, നൂറുകണക്കിന് വളണ്ടിയർമാർ തുടങ്ങിയവർ ചേർന്ന് ഏഴ് ദിവസമായി തെരച്ചിൽ തുടർന്നു കൊണ്ടിരുന്നു. ചാലിയാറിന്റെ ചുങ്കത്തറ കൈപ്പിനി, എഴുമാംപാടം, കുട്ടംകുളം, അമ്പിട്ടംപൊട്ടി, മുണ്ടേരി വാണിയംപുഴ എന്നിവിടങ്ങളിൽ നിന്നുമാണ് നാലാമത്തെ ദിവസം മൃതദേഹങ്ങൾ കണ്ടെടുത്തത്. രാവിലെ മുതൽ എൻ.ഡി.ആർ.എഫ്, നവികസേന, അഗ്‌നിരക്ഷാ സേന, വനം, പോലീസ് സേനകൾ എന്നിവരുടെ നേതൃത്വത്തിൽ ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ തെരച്ചിലാരംഭിച്ചിരുന്നു.

ദുരന്തത്തിന് ഒരാഴ്ച പിന്നിടുമ്പോഴും ചാലിയാറിൽ ഒഴുകിയെത്തിയ മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ തുടർന്നു. ആകെ 76 മൃതദേഹങ്ങളും 157 മൃതദേഹ ഭാഗങ്ങളും ഇതുവരെ ലഭിച്ചു. 38 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും മൂന്ന് ആൺകുട്ടികുടെയും നാല് പെൺകുട്ടികളുടെയുമാണ് മൃതദേഹങ്ങൾ ലഭിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *