
Perinthalmanna Radio
Date: 05-10-2025
പെരിന്തൽമണ്ണ: സ്‌കൂൾ കലാ–കായിക മേളകൾ നടക്കുന്ന ഇടങ്ങളിൽ പൊലീസ്–എക്‌സൈസ് വകുപ്പുകൾ നിരീക്ഷണവും പരിശോധനയും നടത്തണമെന്ന് താലൂക്ക് വികസന സമിതിയിൽ നിർദേശം. കോഴിക്കോട്–പാലക്കാട് റൂട്ടിലോടുന്ന ചില കെഎസ്‌ആർടിസി–സ്വകാര്യ ബസുകളുടെ അമിത വേഗത അപകടങ്ങൾക്ക് ഇടവരുത്തുന്നതായി യോഗത്തിൽ ആക്ഷേപം ഉയർന്നു. അമിത വേഗതയിലോടുന്ന ബസുകൾക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിന് പരിശോധന ഊർജിതമാക്കിയതായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പാചകവാതക വിതരണ ഏജൻസി ഷോറൂമിന്റെ 5 കിലോമീറ്റർ പരിധിയിൽ സിലിണ്ടർ വിതരണത്തിന് ചാർജ് ഈടാക്കാൻ പാടില്ലെന്ന കലക്‌ടറുടെ നിർദേശം എല്ലാ ഗ്യാസ് ഏജൻസികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അശ്രദ്ധമായ തെരുവോര കച്ചവടം അപകടത്തിനു കാരണമാകുന്നതായും നിയന്ത്രിക്കണമെന്നും യോഗം നിർദേശിച്ചു. താലൂക്കിലെ എല്ലാ കർഷകരെയു കർഷക റജിസ്‌ട്രേഷനിൽ റജിസ്‌റ്റർ ചെയ്യുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട ബോധവൽക്കരണം നടക്കുന്നതായി കൃഷിവകുപ്പ് അധികൃതർ അറിയിച്ചു. പുഴക്കാട്ടിരി–മാലാപറമ്പ് റോഡിന്റെ ശോച്യാവസ്ഥ ജില്ലാ പഞ്ചായത്തിന്റെ ശ്രദ്ധയിൽപെടുത്തും. പഴങ്ങൾ അശാസ്‌ത്രീയമായി രാസവസ്‌തുക്കൾ ഉപയോഗിച്ച് പഴുപ്പിക്കുന്നത് തടയാൻ പരിശോധന കർശനമാക്കണമെന്നു യോഗം നിർദേശിച്ചു.
മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൽ കരീം ആധ്യക്ഷ്യം വഹിച്ചു. വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം.മുസ്തഫ, താലൂക്ക് സഭ അംഗങ്ങളായ എൻ.പി.ഉണ്ണിക്കൃഷ്ണൻ, കൃഷ്ണദാസ് ആൽപ്പാറ, ഹംസ പാലൂർ, എം.വി.വർഗീസ്, എ.ശിവദാസൻ, കെ.മൊയ്തീൻകുട്ടി, രാധാമോഹനൻ, തഹസിൽദാർ എ.വേണുഗോപാലൻ, ഭൂരേഖാ തഹസിൽദാർ സൗമ്യ ടി.ഭരതൻ, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ പി.മണികണ്ഠൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
