
Perinthalmanna Radio
Date: 05-11-2024
ഗതാഗത നിയമ ലംഘനം കണ്ടു പിടിക്കാൻ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ പ്രവർത്തനത്തിനായി കെൽട്രോണിന് നൽകേണ്ട തുകയുടെ മൂന്നു ഗഡു സർക്കാർ നൽകിയതോടെ പെറ്റിയടി കൂടി. നിയമം ലംഘിക്കുന്നവർക്കുള്ള പെറ്റി നോട്ടീസ് വീട്ടിലെത്തുന്നുണ്ട്. പലരും നോട്ടീസ് കൈപ്പറ്റി പിഴയുമടച്ചു.
നേരത്തെ കെൽട്രോണിന് തുക ലഭിക്കാത്തതിനെ തുടർന്ന് പിഴ ചുമത്തൽ നാലിലൊന്നായി കുറഞ്ഞിരുന്നു. 100 നിയമ ലംഘനം കണ്ടെത്തുമ്പോൾ 10-25 വരെ എണ്ണത്തിനേ പിഴ ചുമത്തിയിരുന്നുള്ളൂ. പിഴ രേഖപ്പെടുത്തി ആർ.സി ഉടമയ്ക്ക് നോട്ടീസയയ്ക്കുന്നത് കെൽട്രോൺ ജീവനക്കാരാണ്. സർക്കാരിൽ നിന്ന് പണം കിട്ടാത്തതിനാൽ കെൽട്രോൺ നിയമിച്ച കരാർ ജീവനക്കാരിൽ ഭൂരിഭാഗത്തെയും പിൻവലിച്ചിരുന്നു.
സെപ്തംബറോടെയാണ് സർക്കാർ കുടിശ്ശിക നൽകിത്തുടങ്ങയത്. ഇതോടെ കൺട്രോൾ റൂമുകൾ സജീവമായി. ക്യാമകൾ 24 മണിക്കൂറും മിഴി തുറന്ന് നിയമം ലംഘിക്കുന്നവരുടെ ചിത്രമുൾപ്പെടെ കൺട്രോൾ റൂമുകളിലെത്തിച്ചു. അഴിമതി ആരോപണത്തിനിടയാക്കിയ എ.ഐ പദ്ധതി കഴിഞ്ഞ ജൂൺ അഞ്ചിനാണ് നടപ്പിലാക്കിയത്. മുഖ്യമന്ത്രിയുടെ ബന്ധുവിലേക്കും നീണ്ട അഴിമതി കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സ്കൂട്ടർ യാത്രക്കാരന് സീറ്റ് ബെൽറ്റിടാത്തതിന് പിഴയിട്ടതു പോലുള്ള അബദ്ധങ്ങൾ ഉണ്ടാകുന്നുണ്ട്. പരാതിയുണ്ടെങ്കിൽ എൻഫോഴ്മെന്റ് ആർ.ടി ഓഫീസിൽ പരാതി നൽകിയാൽ പിഴ പിൻവലിക്കും.
ചെലവ് 232 കോടി
പദ്ധതിക്ക് സർക്കാർ പ്രഖ്യാപിച്ച ചെലവ്-232 കോടി രൂപ
മൂന്നു മാസത്തിലൊരിക്കൽ കെൽട്രോണിന് നൽകേണ്ടത്- 11.79 കോടി
പണം നൽകേണ്ടത് പിഴത്തുകയിൽ നിന്ന്
14 കൺട്രോൾ റൂമുകളായി കെൽട്രോൺ ജീവനക്കാർ- 145
ആദ്യമാസങ്ങളിൽ അയച്ച ചെല്ലാൻ-33,000
തുക മുടങ്ങിയപ്പോൾ- 10,000നു താഴെ
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
