വയോധികനെ വിറപ്പിച്ച് വിർച്വൽ അറസ്റ്റ്; കോടികൾ തട്ടിയ ആലിപ്പറമ്പ് സ്വദേശി പിടിയിൽ

Share to



Perinthalmanna Radio
Date: 05-02-2026

പെരിന്തൽമണ്ണ: ആലുവ സ്വദേശിയായ വയോധികനെ വെർച്വൽ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് ഒരു കോടിയിലേറെ രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പെരിന്തൽമണ്ണ ആലിപ്പറമ്പ് പാറക്കല്ലിൽ വീട്ടിൽ സലിമിനെ (43) ആണ് എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്.

കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് വയോധികന് വിളിവന്നത്. വയോധികന്റെ പേരിൽ ബോംബെയിലെ ഒരു ദേശസാത്കൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും ആ അക്കൗണ്ടിലേക്ക് ഉത്തരേന്ത്യയിലെ മനുഷ്യക്കടത്തു കേസിലെ പ്രതി 75 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഇതിൽ കേസെടുത്തിട്ടുണ്ടെന്നും കോടതിയുടെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. കോടതിയുടേതാണെന്നു പറഞ്ഞ് ഒരു ലെറ്ററും കാണിച്ചു. വയോധികനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അക്കൗണ്ടുകൾ മരവിപ്പിച്ച് സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ഭീഷണിപ്പെടുത്തി.

ഈ കേസ് ‘പ്രയോർട്ടി ഇൻവെസ്റ്റിഗേഷൻ’ ആയി പരിഗണിക്കാമെന്നും അതിന്റെ ഭാഗമായി അക്കൗണ്ടുകളിലെ തുക തട്ടിപ്പുസംഘം പറഞ്ഞ അക്കൗണ്ടുകളിലേക്ക് മാറ്റണമെന്നും പറഞ്ഞു. ഭയം കൊണ്ട് സമ്മർദത്തിലായ വയോധികൻ എട്ട് ഇടപാടുകളിലൂടെ ഒരു കോടി ഇരുപതുലക്ഷത്തോളം രൂപ സംഘം പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചുനൽകുകയായിരുന്നു. സംഭവം തട്ടിപ്പാണെന്ന് മനസിലാക്കിയതിനെത്തുടർന്ന് പോലീസിൽ പരാതി നൽകി. ശാസ്ത്രീയ അന്വേഷണത്തിലൂടെ ആലുവ സൈബർ പോലീസ് സ്റ്റേഷനിലെ ടീം മലപ്പുറത്തുനിന്നാണ് പ്രതിയെ പിടികൂടിയത്

പ്രതിയുടെ ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിട്ടുള്ളത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്താൽ രൂപവത്കരിച്ച അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി.ആർ. ജഗദീഷ്, എസ്.ഐ.മാരായ എം.അജേഷ്, ടി.കെ. വർഗീസ്, എ.എസ്.ഐ. സലാവുദ്ദീൻ, സീനിയർ സി.പി.ഒ. പി.കെ. ദിനേശൻ, സി.പി.ഒ. ജെറി കുര്യാക്കോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *