
Perinthalmanna Radio
Date: 06-01-2024
പുലാമന്തോൾ : അപ്രതീക്ഷിതമായി പെയ്ത മഴയിലും കാറ്റിലും പുലാമന്തോൾ പഞ്ചായത്തിലെ പാട ശേഖരങ്ങളിൽ ഏക്കറുകണക്കിന് സ്ഥലത്തെ നെൽക്കൃഷി നശിച്ചു. പാലൂർ പാട ശേഖരത്തിൽ പത്തേക്കറോളം സ്ഥലത്ത് പൂർണമായും 20 ഏക്കറോളം സ്ഥലത്ത് ഭാഗികമായും ടി.എൻ. പുരം പാട ശേഖരത്തിൽ എട്ടേക്കറോളം സ്ഥലത്ത് പൂർണമായും കൃഷി നശിച്ചു.
രണ്ടാഴ്ചകൂടി കഴിഞ്ഞാൽ കൊയ്ത്തിന് പാകമായ നെല്ലായിരുന്നു ഇവ. മഴയിലും കാറ്റിലും കനം തൂങ്ങിയ കതിരുകൾ അപ്പാടെ വീഴുകയായിരുന്നു. വയലിൽ നിറഞ്ഞ വെള്ളത്തിലേക്കാണ് പാകമായ നെൽക്കതിരുകൾ വീണത്. രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ നെല്ല് മുളച്ചും ചീഞ്ഞും നശിക്കുമെന്ന് കർഷകർ പറയുന്നു. പാലൂരിൽ എടത്തൊടി മൻസൂർ, ചെറുശ്ശേരിക്കാർ തുടങ്ങിയവരടക്കം ഏഴോളം കർഷകരുടെ കൃഷിയാണ് നശിച്ചത്. പലരും വായ്പയെടുത്തും ഏറെ പ്രയാസങ്ങൾ അനുഭവിച്ചുമാണ് കൃഷിയിറക്കിയത്.
പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ, വാർഡംഗം ടി. സാവിത്രി, കൃഷി വകുപ്പ് കൃഷി അസിസ്റ്റന്റുമാർ തുടങ്ങിയവർ പ്രദേശങ്ങൾ സന്ദർശിച്ചു. കാർഷിക വിള ഇൻഷുറൻസിൽ കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള ശ്രമം തുടങ്ങിയതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അടുത്ത ദിവസം തിരുവനന്തപുരത്ത് പോകുമ്പോൾ വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നൽകുമെന്നും അവർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
