മേലാറ്റൂർ- പുലാമന്തോൾ പാത; ബാക്കി പ്രവൃത്തിക്ക് 115 കോടിയുടെ എസ്റ്റിമേറ്റ്

Share to

Perinthalmanna Radio
Date: 06-03-2025

പെരിന്തൽമണ്ണ: പാതി വഴിയിൽ പ്രവൃത്തി നിർത്തി കരാറുകാരെ ടെർമിനേറ്റ് ചെയ്‌ത മേലാറ്റൂർ –  പുലാമന്തോൾ പാതയിൽ ശേഷിക്കുന്ന ഭാഗം പൂർത്തിയാക്കാൻ 115 കോടി രൂപയുടെ എസ്റ്റിമേറ്റ്. 38 കി.മീ ഭാഗമുള്ള പുലാമന്തോൾ- ഒലിപുഴ റോഡിന്റെ പ്രവൃത്തിക്ക് 2018 ൽ 144 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്.

139 കോടിക്ക് ടെൻഡർ ഉറപ്പിച്ച് 2020 സെപ്റ്റംബറിൽ നിർമാണ ഉദ്ഘാടനവും നടത്തിയിരുന്നു. പലപ്പോഴായി മൂന്നര വർഷത്തിനിടെ 55 ശതമാനമാണ് പൂർത്തിയായത്. ശേഷിക്കുന്ന 45 ശതമാനം പൂർത്തിയാക്കാനാണ് പുതിയ നിരക്കിൽ ബാക്കിയുള്ള ഭാഗത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കിയത്. 38 കി.മീ ഭാഗം റബറൈസിങ്, അരികു ചാൽ നിർമാണം. റോഡിനോട് ചേർന്ന മരങ്ങൾ മുറിക്കൽ, കൽവർട്ട് നിർമാണം തുടങ്ങിയവ അടക്കമാണ് ആദ്യ എസ്റ്റിമേറ്റ്. ഏകദേശം 75 കോടിയുടെ പ്രവൃത്തി അതിൽ തീർത്തിട്ടുണ്ട്. കരാറുകാരെ നീക്കിയ ശേഷം തയാറാക്കിയ എസ്റ്റിമേറ്റിന് ഇനിയും കേരള സർക്കാറിന്റെ റീബിൽഡ് വിഭാഗത്തിന്റെ അംഗീകാരം വാങ്ങണം.

അതിനു ശേഷം ഫണ്ട് ലഭ്യത കുടി ഉറപ്പാക്കിയാണ് തുടർ നടപടികളിലേക്ക് കടക്കുക, പുതിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ച് ടെൻഡറിലേക്ക് കടക്കുമ്പോൾ മഴക്കാലം തുടങ്ങാനാണിട. മുൻ ഇടത് സർക്കാറിന്റെ കാലത്ത് ആരംഭിച്ചതാണ് പദ്ധതി നിർമാണം തുടങ്ങാൻ ഏറെ വൈകിയിരുന്നു. നിർമാണം തുടങ്ങിയ ശേഷം അകാരണമായി പ്രവൃത്തി പലവട്ടം നിർത്തി വെച്ചപ്പോഴെല്ലാം നജീബ് കാന്തപുരം എം.എൽ.എ വിഷയം മരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വരികയും പരിഹാരം തേടുകയും ചെയ്തു

കരാറുകാരനെ രണ്ടു വർഷം മുമ്പേ നീക്കാരായിരുന്നിട്ടും സർക്കാർ അത്തരത്തിൽ കർശന ഇടപെടലിന് മടിച്ചതു കൊണ്ടാണ് റോഡ് ഇപ്പോൾ പാതി വഴിയിൽ കിടക്കുന്നത്.

യു.ഡി.എഫും വിവിധ സംഘടനകളും ജന പ്രതിനിധികളും റോഡ് പൂർത്തിയാക്കാനായി സമരത്തിന് ഇറങ്ങിയപ്പോഴും സർക്കാറോ ഉദ്യോഗസ്ഥരോ ജനങ്ങളുടെ പ്രതിഷേധം കാണാനോ പരിഹരിക്കാനോ തുനിഞ്ഞതുമില്ല.

*പ്രവൃത്തി മുടങ്ങിയ റോഡിൽ ആദ്യം 96 ലക്ഷത്തിന്റെ അറ്റകുറ്റപ്പണി*

പെരിന്തൽമണ്ണ: ജനങ്ങളുടെ വലിയ തോതിലുള്ള പ്രതിഷേധം വിളിച്ചു വരുത്തിയ മേലാറ്റൂർ- പുലാമന്തോ ൾ പാതയിൽ മുടങ്ങിയ പ്രവൃത്തിക്ക് എസ്റ്റിമേറ്റും ടെൻഡറും ആവുന്നതുവരെക്ക് കുഴിയടക്കാൻ പദ്ധതി. നിർമാണം നടത്തി വരുന്ന റോഡിലെ ശേഷിക്കുന്ന ഭാഗത്തെ കുഴിയടക്കാനും യാത്രാ യോഗ്യമാക്കാനും 96 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിക്കാണ് ടെൻഡർ നൽകിയത്. മാർച്ച് 10ന് ശേഷം പ്രവൃത്തി നടക്കും. ചെറുകരക്കും പുളിങ്കാവിനും ജടയിൽ രണ്ടു കി.മി ഭാഗവും ചെറുകര റെയിൽവേ ഗേറ്റ് പരിസരത്ത് അര കി.മി ഭാഗവും മേലാറ്റൂർ മുതൽ പെരിന്തൽമണ്ണ വരെ ഇട വിട്ട ഭാഗങ്ങളിലും റോഡ് പാടേ തകർന്ന് കിടക്കുകയാണ്. അറ്റകുറ്റപ്പണിയിൽ ഈ ഭാഗമാണ് ഉൾപ്പെടുത്തുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *