
Perinthalmanna Radio
Date: 06-04-2025
പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം നിശ്ചലമായപ്പോൾ വീണ്ടുമുയരുന്ന ചിന്ത ഇതുമാത്രം- ഓരാടംപാലം ബൈപ്പാസ്. തിരൂർക്കാട് മുതൽ പെരിന്തൽമണ്ണ വരെ നീളുന്ന ഗതാഗതക്കുരുക്കാണ് അങ്ങാടിപ്പുറം പൂരപ്പുറപ്പാട് ദിവസം ഉണ്ടായത്. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ് അത്. സർക്കാർ ഇനിയും പച്ചക്കൊടി കാണിച്ചിട്ടില്ല.
വീതി കുറഞ്ഞ ഓരാടംപാലവും റെയിൽവേ മേൽപ്പാലവും അങ്ങാടിപ്പുറത്തിന് സമ്മാനിക്കുന്നത് തീരാത്ത വാഹന ഗതാഗതക്കുരുക്കാണ്. അത്യാസന്നനിലയിലുള്ള രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള വിലപ്പെട്ട നിമിഷങ്ങൾ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിൽ പാഴാകുന്നതായി ആംബുലൻസ് ഡ്രൈവർമാരും പറയുന്നു.
തിരുമാന്ധാംകുന്ന് പൂരത്തിന് കൂടി തുടക്കമായതോടെ അങ്ങാടിപ്പുറത്ത് ആൾത്തിരക്ക് കൂടുകയാണ്. ഇവരിൽ മിക്കവരും എത്തുന്നത് സ്വന്തം വാഹനങ്ങളിൽ. ഇതോടെ ഗതാഗത കുരുക്കിൽ നിശ്ചലമാണ് ദേശീയ പാത. ബൈപ്പാസ് റോഡ് വന്നാൽ വാഹന ഗതാഗതം അതുവഴി തിരിച്ചുവിടാം. രോഗികൾക്കും കോഴിക്കോട്- പാലക്കാട് ദേശീയ പാതയിലൂടെ കടന്നു പോകുന്ന ആയിരക്കണക്കിന് യാത്രക്കാർക്കും ഉപകാരപ്പെടും.
ഓരാടംപാലം ബൈപ്പാസ് എന്ന ആവശ്യത്തിനു മുന്നിൽ കണ്ണടച്ച അധികൃതർ ഗതാഗതക്കുരുക്കിന് പരിഹാരമായി മുന്നോട്ടു വെക്കുന്നത് പെരിന്തൽമണ്ണ സിഗ്നൽ ജങ്ഷൻ വീതി കൂട്ടുക എന്നതാണ്. എന്നാൽ അങ്ങാടിപ്പുറത്തെ വീതി കുറഞ്ഞ പാലങ്ങൾ കാരണം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇതു കൊണ്ടാവില്ലെന്ന് വ്യാപാരികൾ ഉൾപ്പെടെ പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
