ഭക്തിയുടെ നിറവിൽ ആചാരപൂർവം തിരുമാന്ധാംകുന്ന് പൂരം കൊടിയേറി

Share to

Perinthalmanna Radio
Date: 06-04-2025

അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവവതീക്ഷേത്രം പൂരത്തിന് മൂന്നാം പൂരനാളിൽ ആചാരപൂർവം കൊടിയേറി. ഭഗവതിക്ക് വടക്കേനടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന് കിഴക്കേനടയിലെ സ്വർണക്കൊടിമരത്തിലും ഉത്സവധ്വജം ഉയർന്നു.

ദീപാരാധനയ്ക്കുശേഷം രാത്രി കൊടിമരച്ചുവട്ടിലെ പ്രത്യേക താന്ത്രികകർമ്മങ്ങൾക്ക് ശേഷമായിരുന്നു കൊടിയേറ്റം. വടക്കേനടയിൽ തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി ഭഗവതിയുടെ സ്വർണകൊടിമരത്തിലും കിഴക്കേനടയിൽ പന്തലക്കോട്ടത്ത് സജിനമ്പൂതിരി മഹാദേവന്റെ കൊടിമരത്തിലും കൊടിക്കൂറകൾ ഉയർത്തി. ക്ഷേത്രാങ്കണം നിറഞ്ഞുനിന്ന ഭക്തർ കൊടിയേറ്റച്ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ചു.

കൊടിമരത്തിന് മുകളിലേക്ക് ഉയർന്ന കൊടിക്കൂറകൾ ദർശിച്ച് ഭക്തർ നാമമരുവിട്ട് തൊഴുതു. തുടർന്ന് അഷ്ടദിക്പാലകന്മാർക്കായി പ്രധാനയിടങ്ങളിലും കൊടിക്കൂറകൾ സ്ഥാപിച്ചു.

മറ്റ് ക്ഷേത്രങ്ങളിൽ കൊടിയേറ്റത്തോടെ ഉത്സവം തുടങ്ങുമ്പോൾ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പുറപ്പാടിനുശേഷം മൂന്നാം പൂരത്തിനാണ് ഉത്സവക്കൊടിയേറ്റം. കൊടിയേറ്റത്തോടെ ‘പടഹാദി’മുറയിൽനിന്ന് പൂരച്ചടങ്ങുകൾ ‘ധ്വജാദി’ മുറയിലേക്ക് കടന്നു. ബുധനാഴ്ച നാലാം പൂരത്തിനാണ് മുളയിടൽ. രാത്രി ഏഴിന് നാലമ്പലത്തിനകത്തെ മുളയറയിൽ മുളയിടൽച്ചടങ്ങ് നടക്കും. മൂന്നാംപൂരത്തിന് ശനിയാഴ്ച പതിവു പൂരച്ചടങ്ങുകളോടെ അഞ്ചാമത്തെയും ആറാമത്തെയും ആറാട്ടെഴുന്നള്ളിപ്പുകൾ നടന്നു. വൈകുന്നേരം ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, നാദസ്വരം, പാഠകം എന്നിവയും അങ്ങാടിപ്പുറം രഞ്ജിത്ത് തായമ്പകയും അവതരിപ്പിച്ചു. പൂരപ്പറമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ കൊടുവായൂർ മൊഴി നാടൻകലാസംഘം അവതരിപ്പിച്ച നാടൻപാട്ട് ആസ്വാദകരെ ആവേശത്തിലാറാടിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *