
Perinthalmanna Radio
Date: 06-07-2025
പെരിന്തൽമണ്ണ : കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിനോട് ചേർന്ന് കുഴികൾ രൂപപ്പെട്ട ഭാഗത്ത് കട്ട പതിക്കുന്ന പണി പൂർത്തിയായി. ദേശീയപാത അടച്ച് ജൂൺ 29-ന് ആരംഭിച്ച പണി ഒരാഴ്ചകൊണ്ടാണ് പൂർത്തിയായത്. ഞായറാഴ്ച രാവിലെ 11 മണി മുതൽ റോഡ് കാർ, ബൈക്ക്, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്കായി തുറന്നുനൽകുമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു.
ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് 12 മുതലാണ് പ്രവേശനം അനുവദിക്കുക. പാലക്കാട്-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകൾ മേൽപ്പാലത്തിന് അപ്പുറവും ഇപ്പുറവും നിർത്തിയിട്ട് പുതിയ പരീക്ഷണം നടത്തിയാണ് സർവീസ് നടത്തിയത്. മേൽപ്പാലത്തിലൂടെ യാത്രക്കാർ കാൽനടയായി വന്ന് മറുഭാഗത്ത് എത്തിയാണ് യാത്രതുടരുന്നത്. വൈറ്റ് ഗാർഡ് ഏർപ്പെടുത്തിയ വാഹന സൗകര്യവും ഉണ്ടായിരുന്നു.
ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ആഴ്ച്ച ചേർന്ന യോഗത്തിലാണ് ഒരാഴ്ച റോഡ് പൂർണമായും അടച്ചിടുകയും അതിനുശേഷം ചെറിയ വാഹനങ്ങൾക്ക് തുറന്നുനൽകുന്നതിന് തീരുമാനിക്കുകയും ചെയ്തത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
