
Perinthalmanna Radio
Date: 06-07-2025
പെരിന്തൽമണ്ണ: കോഴിക്കോട്– പാലക്കാട് ദേശീയ പാതയിലെ അങ്ങാടിപ്പുറം മേൽപാലം ചെറിയ വാഹനങ്ങൾക്കായി തുറന്നു കൊടുത്തു. വലിയ ഭാര വാഹനങ്ങളെയും ബസുകളെയും ഇപ്പോൾ പ്രവേശിപ്പിക്കില്ല. പൂട്ടുകട്ട ബലപ്പെടുന്നതിനു വേണ്ടിയാണിത്. ഇതോടൊപ്പം അങ്ങാടിപ്പുറത്ത് ഗതാഗത പരിഷ്കാരം ഇന്നു മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽവരും. മേൽപാലം പരിസരത്തെ തകർന്ന റോഡിന്റെ നവീകരണവും പൂട്ടുകട്ട പതിക്കലും ഇന്നലെ പൂർത്തിയായി. പണിക്കിടെ പൊട്ടിയ ജലവിതരണ പൈപ്പുകളും നവീകരിച്ചു. റോഡ് തകരാൻ കാരണമാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ ഓവുചാലുകളും നവീകരിച്ചു. റോഡിൽ നിന്ന് വെള്ളം ഒഴിഞ്ഞു പോകുന്നതിനും വഴിയൊരുക്കിയിട്ടുണ്ട്. ബസുകൾക്കും വലിയ ഭാരവാഹനങ്ങൾക്കും നിലവിലുള്ള ക്രമീകരണം ഒരാഴ്ച കൂടി തുടരും. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അങ്ങാടിപ്പുറത്ത് ഗതാഗത പരിഷ്ക്കാരം ഇന്നു മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരിക്കുന്നത്.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
