
Perinthalmanna Radio
Date: 06-08-2025
തൃശ്ശൂര്‍: പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു. നാലാഴ്ചയ്ക്കുള്ളിൽ ദേശീയ പാത അതോറിറ്റി ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും നിർദേശം നൽകി.
ദേശീയപാതയിൽ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തിൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് താത്കാലികമായി തടയണമെന്ന് ആവശ്യപ്പെടുന്ന ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ ഉത്തരവിറക്കിയിരിക്കുന്നത്.
ഏതാനും കിലോമീറ്റർ മാത്രമാണ് ഗതാഗതക്കുരുക്കുള്ളതെന്നും ഇവിടെ സർവീസ് റോഡിലൂടെ ഗതാഗതം തിരിച്ചു വിട്ടിരിക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അറിയിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകുന്നുണ്ടെന്ന് സർക്കാരിനായി ഹാജരായ സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാറും വിശദീകരിച്ചു.
എന്നാൽ, ഗതാഗതക്കുരുക്കിന് ഇപ്പോഴും പരിഹാരമായിട്ടില്ലെന്ന് ഹർജിക്കാർ ബോധിപ്പിച്ചു. തുടർന്ന്് ഹർജികൾ ഉത്തരവിനായി മാറ്റിയിരിക്കുകയായിരുന്നു.
തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് തുടങ്ങിയവർ ഫയൽ ചെയ്ത ഹർജികളാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കരാർപ്രകാരമുള്ള സൗകര്യങ്ങൾ നൽകാതെ ടോൾനിരക്ക് വർധിപ്പിക്കുന്നതിനെയടക്കമാണ് ഹർജിക്കാർ ചോദ്യം ചെയ്തിരുന്നത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
