
Perinthalmanna Radio
Date: 06-10-2024
പെരിന്തൽമണ്ണ ∙ വിവിധ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ മിനി സിവിൽ സ്റ്റേഷനിൽ എത്തുന്നവർക്ക് അവശ്യസൗകര്യങ്ങൾ ഉടൻ സജ്ജമാക്കുമെന്ന് താലൂക്ക് സഭായോഗം. വിവിധ ഓഫിസുകൾ ഏതു നിലയിലാണെന്നതു സംബന്ധിച്ച അറിയിപ്പ് ബോർഡും ഓരോ നിലയിലും ശുദ്ധജല സൗകര്യവും ഇവിടെ എത്തുന്നവർക്ക് താഴെ നിലയിൽ വിശ്രമിക്കാനാവശ്യമായ ഇരിപ്പിട സൗകര്യവും ഉടൻ സജ്ജമാക്കുമെന്ന് തഹസിൽദാർ യോഗത്തെ അറിയിച്ചു.
മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിന്റെ തകരാറുകൾ പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.
മണ്ണാർക്കാട് റോഡിൽ ജില്ലാ ആശുപത്രിയുടെ രണ്ട് ബ്ലോക്കുകളെയും ബന്ധിപ്പിക്കാനായി മേൽപാലം നിർമിക്കണമെന്ന ആവശ്യം സഭ അധികൃതർക്ക് മുന്നിൽ ഉന്നയിക്കും. നഗരത്തിൽ വയോജന പാർക്ക് സ്ഥാപിക്കണമെന്നും സഭയിൽ ആവശ്യമുയർന്നു.
പെരിന്തൽമണ്ണ സബ് ട്രഷറിയിൽ പെൻഷൻ ആവശ്യങ്ങൾക്കായെത്തുന്നവർക്ക് പ്രത്യേക സൗകര്യം ഒരുക്കണം. 85 വയസ്സുകാർ പോലും ഇവിടെ ടോക്കൺ എടുത്തു കാത്തുനിൽക്കേണ്ടിവരുന്നത് സങ്കടകരമാണ്. മുൻപ് സിവിൽ സ്റ്റേഷനിലുണ്ടായിരുന്ന ഹെൽപ് ഡെസ്ക് സൗകര്യം പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണത്തെ തുടർന്നാണ് ഒഴിവാക്കിയതെന്നും സന്നദ്ധ സംഘടനകൾ തയാറായാൽ പരിഗണിക്കാവുന്നതാണെന്നും തഹസിൽദാർ അറിയിച്ചു. യോഗത്തിനെത്തുന്ന ഉദ്യോഗസ്ഥ മേധാവികളുടെ കുറവ് ചർച്ചയായി. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ജില്ലാ മേധാവികൾക്കും കലക്ടർക്കും റിപ്പോർട്ട് നൽകും.
മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൽ കരീം യോഗത്തിൽ ആധ്യക്ഷ്യം വഹിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
