തിരൂർക്കാട്- ആനക്കയം റോഡില്‍ വീണ്ടും കുഴിയടയ്ക്കൽ മാത്രം

Share to


Perinthalmanna Radio
Date: 06-10-2025

അങ്ങാടിപ്പുറം : തിരൂർക്കാട്- ആനക്കയം സംസ്ഥാനപാതയിലെ തിരൂർക്കാട് മുതൽ തകർന്നുകിടക്കുന്ന റോഡ് തട്ടിക്കൂട്ട് അറ്റകുറ്റപ്പണികൾ നടത്തി മരാമത്ത് വകുപ്പ് ജനങ്ങളെ പറ്റിക്കുകയാണെന്ന് ആക്ഷേപം.

പതിനാല് വർഷമായി തകർന്നുകിടക്കുന്ന റോഡ് പൂർണമായും റീടാറിങ് നടത്താതെ പേരിനു കുഴിയടച്ച് തടിതപ്പുകയാണ് അധികൃതർ.

റോഡിനായി 98 ലക്ഷം രൂപ അനുവദിച്ചതിൽ നാമമാത്രമായ കുഴികൾ അടച്ചു. മിക്കയിടങ്ങളിലും വലിയ കുഴികൾ ക്വാറി വേസ്റ്റിട്ട് നികത്തുകയാണ് ചെയ്തത്. കഴിഞ്ഞവർഷവും ഇതുപോലെ കുഴിയടച്ചെങ്കിലും ഒരു വർഷം തികയുന്നതിന് മുൻപ് പൂർണമായും പൊട്ടിപ്പൊളിയുകയായിരുന്നു.

2007-2008 കാലയളവിൽ കേന്ദ്ര മന്ത്രിയായിരുന്ന ഇ. അഹമ്മദിന്റെ കാലത്ത് കേന്ദ്ര റോഡ് ഫണ്ടുപയോഗിച്ച് 5.5 മീറ്ററുണ്ടായിരുന്ന റോഡ് 7 മീറ്ററാക്കിയ റോഡിൽ നാളിത് വരെ പാച്ച് വർക്കല്ലാതെ മറ്റു പ്രവൃത്തികൾ നടന്നിട്ടില്ല.

ദേശീയ പാത 966നെയും തിരൂർ മഞ്ചേരി സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്ന ഈ റൂട്ടിലൂടെയാണ് മലയോര മേഖലയായ അരീക്കോട് കൊയിലാണ്ടി, തൃശൂർ താമരശ്ശേരി വഴി ഓടുന്ന ഒട്ടേറെ ദീർഘദൂര ബസുകളും യാത്രക്കാരും സഞ്ചരിക്കുന്നത്.

തിരൂർക്കാട്-ആനക്കയം റോഡിന്റെ ഉപരിതലം ബിഎം ആൻഡ് ബിസി ചെയ്യുകയും ആവശ്യമായ സ്ഥലങ്ങളിൽ വീതി കൂട്ടുകയും ചെയ്ത് നവീകരിക്കണമെന്നാണ് യാത്രക്കാരുടെയും ആവശ്യം.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *