
Perinthalmanna Radio
Date: 06-12-2024
അങ്ങാടിപ്പുറം: ഷൊർണൂർ- നിലമ്പൂർ റെയിൽപ്പാതയിൽ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പണികൾ അവസാന ഘട്ടത്തിൽ. ഈ മാസം കമ്മിഷൻ ചെയ്യുമെന്നാണ് സൂചന. പാത വൈദ്യുതീകരിക്കുന്നതോടെ കേരളത്തിൽ റെയിൽവേ വൈദ്യുതീകരണം പൂർത്തിയാകും. 2023 ജനുവരിയിലാണ് വാടാനാംകുറുശ്ശി സ്റ്റേഷനിൽ ആദ്യ തൂൺ സ്ഥാപിച്ച് വൈദ്യുതീകരണത്തിന് തുടക്കമിട്ടത്. ഒക്ടോബർ അവസാനത്തോടെ പണി പൂർത്തിയാക്കാനാണ് കരാർ ഏറ്റെടുത്ത ലാർസൻ ആൻഡ് ടൂബ്രോ (എൽ.ആൻഡ് ടി) കമ്പനി പ്രതീക്ഷിച്ചിരുന്നതെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം കാലതാമസം നേരിട്ടു.
66 കിലോമീറ്റർ പാതയും ബാക്കി നാല് കിലോമീറ്റർ അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ യാർഡുകളുമടക്കം70 കിലോമീറ്റർ വൈദ്യുതീകരിക്കാൻ 1300 തൂണുകളാണ് സ്ഥാപിച്ചത്. ഈ തൂണുകളിലൂടെ കാന്റി ലിവർ രീതിയിലാണ് വൈദ്യുതി കമ്പികൾ സ്ഥാപിച്ചിട്ടുള്ളത്. തുടർച്ചയായ വൈദ്യുതവിതരണത്തിനായി മേലാറ്റൂർ സ്റ്റേഷനിൽ ട്രാക്‌ഷൻ സബ്‌സ്റ്റേഷന്റെ പണിയും പൂർത്തിയായി. കെ.എസ്.ഇ.ബി. മേലാറ്റൂർ 110 കെ.വി. സബ് സ്റ്റേഷനുമായി ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ടവർ വാഗൺ ഷെഡും ഓവർ ഹെഡ് എക്യുപ്‌മെന്റ് ഡിപ്പോയും ഓഫീസ് ക്വാർട്ടേഴ്‌സും നിലമ്പൂരിലാണ് പ്രവർത്തിക്കുക. ഏഴ് ഇടങ്ങളിലായി വലുതും ചെറുതുമായ പുഴകൾക്ക് മീതെ ട്രാക്ക് കടന്നുപോകുന്നുണ്ട്. ഇവിടങ്ങളിൽ പുഴയിൽനിന്ന് മുകളിലേക്ക് പ്രത്യേക കോൺക്രീറ്റ് തൂൺ പൊക്കിക്കെട്ടിയിട്ടുണ്ട്. തൂണുകൾക്ക് മുകളിലാണ് വൈദ്യുതിത്തൂണും വയറുകളും സ്ഥാപിച്ചിട്ടുള്ളത്. വാടാനാംകുറുശ്ശി, അങ്ങാടിപ്പുറം, വാണിയമ്പലം, എന്നിവയാണ് സ്വിച്ചിങ് സ്റ്റേഷനുകൾ. കഴിഞ്ഞദിവസം വിജയകരമായി ട്രയൽ റൺ നടത്തിയിരുന്നു.
യാത്രക്കാർക്ക് പ്രയോജനപ്പെടുത്തുന്ന വിധത്തിൽ വണ്ടികളുടെ സമയക്രമീകരണം, പാസഞ്ചർ വണ്ടികൾക്കുപകരം കൂടുതൽ വേഗമുള്ള മെമു, ഷൊർണൂർ-എറണാകുളം മെമു, കൊയമ്പത്തൂർ മെമു വണ്ടികൾ നിലമ്പൂരിലേക്ക് നീട്ടൽ, കൂടുതൽ സർവീസുകൾ തുടങ്ങി വൈദ്യുതീകരണത്തിൽ വലിയ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് യാത്രക്കാർ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
