
Perinthalmanna Radio
Date: 06-12-2024
അങ്ങാടിപ്പുറം: ശാസ്ത്ര സാങ്കേതിക രംഗത്തെ മികവുകൾ സമൂഹത്തിനു പ്രയോജനപ്പെടുത്താൻ കച്ചകെട്ടിയിറങ്ങുകയാണ് പെരിന്തൽമണ്ണ ഗവ. പോളി ടെക്നിക്കിലെ മിടുമിടുക്കരായ വിദ്യാർഥി സംഘം. അവർക്കു നേതൃത്വം നൽകാൻ പ്രിൻസിപ്പൽ ജെ.സതീഷ് കുമാറും അധ്യാപകരും കൂടെ.
പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്യമ 1.0 എന്ന പേരിൽ സംഘടിപ്പിച്ച കോൺക്ലേവ് പുതുതലമുറയ്ക്കു മുൻപിൽ ശാസ്ത്ര – സാങ്കേതിക അറിവിൻ്റെ അദ്ഭുതലോകം തുറന്നിട്ടു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെആർസി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്ന പ്ലൂട്ടോ എന്ന റോബോട്ടിക് ടീച്ചർ കുട്ടികളെ ഏറെ ആകർഷിച്ചു. പൂർണമായും എഐ സാങ്കേതിക വിദ്യ പെയോഗിച്ചാണ് പ്ലൂട്ടോ പ്രവർത്തിക്കുന്നത്.
ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കണ്ടെത്തുന്ന ‘ലൂയ്സി’ സിസ്റ്റം, ജലാശയങ്ങൾ മാലിന്യ മുക്തമാക്കുന്ന ‘ലോച്ച് മോപ്’ റോബോട്ട് തുടങ്ങിയവ ഏറെ ശ്രദ്ധേയമായി.
കോൺക്ലേവിന്റെ ഉദ്ഘാടനം പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. ജോർജ് കളപ്പുരയ്ക്കൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.ടി.സുമ, പ്രധാനാധ്യാപകൻ പി.ടി.ബിജു, പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ ജെ.സതീഷ്കുമാർ, പ്രോഗ്രാം കോ – ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, പോളിടെക്നിക്കിലെ അധ്യാപകരായ വി.നിധിൻ റോയ്, അരുൺ തോമസ് എന്നിവർ പ്രസംഗിച്ചു.
പോളിടെക്നിക് കോളജിലെ സി.അഭിജിത്ത്, പി.പി.അഫ്നാൻ യൂസഫ്, എം.ഷിബിൻ, സുമാമ ശുഹൈബ്, ലുലു സമാൻ, വി.പി.വൈശാഖ്, സബിൻ സാനി, പി.മിഥുൻ, സൽമാൻ ഫാരിസ് ഇല്ലിക്കത്തൊടി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിഭാധനരായ വിദ്യാർഥികളാണ് അറിവിൻ്റെ പുതുവെളിച്ചവുമായി സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം സംവദിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
