ചെറുപുഴ മലിനീകരണം; നടപടിയുമായി അധികൃതർ

Share to


Perinthalmanna Radio
Date: 07-01-2026

പെരിന്തൽമണ്ണ : അങ്ങാടിപ്പുറം ചെറുപുഴയിലെ രൂക്ഷമായ മലിനീകരണ ഭീഷണി തടയാൻ കർശന നടപടിയുമായി അധികൃതർ. അങ്ങാടിപ്പുറം പഞ്ചായത്തിന്റെയും പെരിന്തൽമണ്ണ നഗരസഭയുടെയും കൂട്ടായ നേതൃത്വത്തിൽ ‘ചേലുള്ള ചെറുപുഴ’ എന്ന പേരിൽ ബോധവൽക്കരണ പരിപാടിയും തുടങ്ങും. ചെറുപുഴയിൽ മാലിന്യം തള്ളിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജലം മലിനമാവുകയും പ്രദേശത്ത് രൂക്ഷമായ ശുദ്ധജല പ്രശ്‌നത്തിന് വരെ കാരണമാവുകയും ചെയ്‌തിരുന്നു. ഇതേ തു‌ടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്‌മ തബ്‌ഷീറയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരുകയായിരുന്നു. കഴിഞ്ഞ ദിവസം നട‌ന്ന താലൂക്ക് സഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം.

ബോധവൽക്കരണ ക്യാംപെയ്ൻ ഇന്നു മുതൽ 20 വരെ നടക്കും. ഇതിന്റെ ഭാഗമായി ചെറുപുഴയോട് ചേർന്നുള്ള വ്യാപാര സ്ഥാപനങ്ങളിലും സമീപ വീടുകളിലും നേരിട്ടെത്തി ബോധവൽക്കരണം നടത്തും. നോട്ടിസ് വിതരണം ചെയ്യും. പുഴയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

എംഎൽഎമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ ചെയർമാൻ എന്നിവരെ മുഖ്യ രക്ഷാധികാരികളാക്കി പ്രത്യേക ടാസ്‌ക് ഫോഴ്സും രൂപീകരിച്ചു. 20ന് അവലോകന യോഗം ചേർന്ന് സ്ഥിതി വിലയിരുത്തും. 21, 22 തീയതികളിൽ പൊലീസ്, ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണ വിഭാഗം എന്നിവരെ ഉൾപ്പെടുത്തി സംയുക്ത പരിശോധന നടത്താനും തീരുമാനമായി. ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി ഉറപ്പുവരുത്തും. 26ന് റിപ്പബ്ലിക് ദിനത്തിൽ പൊതുജനങ്ങളെയും വിദ്യാർഥികളെയും അണിനിരത്തി ബോധവൽക്കരണ റാലി നടത്തും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ.ഹാരിസ് ആധ്യക്ഷ്യം വഹിച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് ഷബീർ കറുമുക്കിൽ, വൈസ് പ്രസിഡന്റ് മുബീന, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ പ്രബീന ഹബീബ്, വാഹിദ, ധന്യ തോട്ടത്തിൽ, അങ്ങാടിപ്പുറം പഞ്ചായത്ത് അംഗം താഹിർ തങ്ങൾ, പെരിന്തൽമണ്ണ തഹസിൽദാർ എ.വേണുഗോപാൽ, സിഐ സുമേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി എസ്.രാജേഷ്‌കുമാർ, വിവിധ വകുപ്പ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *