
Perinthalmanna Radio
Date: 07-02-2024
പെരിന്തൽമണ്ണ: ബജറ്റിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിയാണ് പൂങ്കാവനം ഡാം വിനോദ സഞ്ചാര
കേന്ദ്രമാക്കൽ. രണ്ടു മാസം മുമ്പ് പെരിന്തൽമണ്ണയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് സംഘടിപ്പിച്ച നവകേരള സദസിൽ ഇതിനായി എട്ട് നിവേദനങ്ങൾ വിവിധ സംഘടനകൾ സമർപ്പിച്ചതാണ്. അനുകൂല തീരുമാനത്തിനായി ആദ്യം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനേയും ഏറ്റവും ഒടുവിൽ ഡാമിന്റെ ചുമുതലക്കാരായ ചെറുകിട ജലസേചന വകുപ്പിലും ഫയൽ എത്തിയെങ്കിലും ബജറ്റിൽ നീക്കിവച്ചത് 100 രൂപ മാത്രം.
ജില്ലയിലെ ഏക അണക്കെട്ടാണ് വെട്ടത്തൂരിലെ പൂങ്കാവനം ഡാം. വെട്ടത്തൂർ, അലനല്ലൂർ ഗ്രാമപ്പഞ്ചായത്തുകളിലെ മുന്നൂറോളം ഹെക്ടർ സ്ഥലത്തെ നെൽക്കൃഷിക്ക് വെള്ളമെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ 1968-ൽ സംസ്ഥാന ജലവിഭവവകുപ്പിന്റെ 25 ഏക്കർ ഭൂമിയിൽ 7.62 ലക്ഷം ചെലവിലാണ് റിസർവോയർ നിർമിച്ചത്. 1971-ൽ തുറന്നുകൊടുത്തു. എന്നാൽ നിർമാണത്തിലെ പാകപ്പിഴവുമൂലമുണ്ടായ ചോർച്ച കാരണം ഡാമിൽ വെള്ളം ശേഖരിച്ചുനിർത്താൻ കഴിഞ്ഞില്ല. പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും പൂർണമായും ചോർച്ച പരിഹരിക്കാനായിട്ടില്ല. കാലം കടന്നുപോയതോടെ പ്രദേശങ്ങളിലെ നെൽക്കൃഷിയുടെ അളവും പകുതിയിലധികം കുറഞ്ഞു. ഇതോടെ ഡാമിന്റെ പ്രസക്തിയും ഇല്ലാതെയായി. എല്ലാവരും ഡാമിനെ പൂർണമായും ഉപേക്ഷിച്ചു.
ഇടക്കാലത്ത് ഡാമിന്റെ ടൂറിസം സാധ്യതകൾ മുൻനിർത്തിയുള്ള ചർച്ചകൾ നടക്കുകയും മന്ത്രിയടക്കമുള്ളവർ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ തുടർപ്രവർത്തനം ഉണ്ടായില്ല. അലനല്ലൂർ പെരിന്തൽമണ്ണ റോഡ് കടന്നുപോകുന്നത് ഡാമിന്റെ ചുവട്ടിലൂടെയാണ്. ഡാമിൽ നിന്ന് പാറക്കെട്ടുകളിലൂടെ താഴേക്ക് വെള്ളം പതിക്കുന്ന കാഴ്ച ആസ്വദിക്കാൻ ഒട്ടേറെപ്പേർ എത്താറുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
