
Perinthalmanna Radio
Date: 07-02-2026
കീഴാറ്റൂർ ∙ കാലപ്പഴക്കം മൂലം ദ്രവിച്ച് ബലക്ഷയം നേരിട്ട കീഴാറ്റൂർ കുടുംബാരോഗ്യ കേന്ദ്രം ഉപയോഗശൂന്യം. അര നൂറ്റാണ്ട് മുൻപ് നിർമിച്ച ഈ കെട്ടിടം അപകടഭീഷണി മൂലം അടച്ച് പൂട്ടിയ അവസ്ഥയിലാണ്. കെട്ടിടത്തിന്റെ പടിഞ്ഞാറ് വശത്തായി നിർമിച്ച അനുബന്ധ കെട്ടിടത്തിലാണ് നിലവിൽ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. 1971ൽ പ്രവർത്തനം ആരംഭിച്ച കീഴാറ്റൂർ പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം 2022 കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുകയായിരുന്നു. ഡോക്ടർമാരുടെ എണ്ണം ഒന്നിൽ നിന്ന് 3 ആക്കി ഉയർത്തി 2 ഡോക്ടർമാർ ഉച്ചവരെയും ഒരു ഡോക്ടർ ഉച്ചയ്ക്ക് ശേഷവും രോഗികളെ പരിശോധിക്കുന്നു. നിത്യവും 200ൽ അധികം രോഗികൾ ചികിത്സ തേടി എത്തുന്നതായി രേഖകൾ വ്യക്തമാക്കുന്നു. ആശുപത്രിയിൽ 4 നഴ്സുമാരുടെ ആവശ്യമുണ്ട്. എന്നാൽ ഒരു സ്റ്റാഫ് നഴ്സ് മാത്രമാണുള്ളത്. ഒരു നഴ്സിനെ താൽക്കാലികമായി നിയമിച്ചിട്ടുണ്ട്.
ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ 35 ജീവനക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്നു.
അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു മാറ്റാൻ ആരോഗ്യ വകുപ്പ് ഉത്തരവ് നൽകിയിട്ടുണ്ട്. ലേലനടപടികൾ പൂർത്തിയാക്കി ഇത് ഉടൻ പൊളിച്ചു നീക്കണം. 2.50 കോടി രൂപ ചെലവ് വരുന്ന പുതിയ കെട്ടിടം നിർമിക്കാൻ തയാറാക്കിയ ഡിപിആറിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനാവശ്യമായ പണം കണ്ടെത്തേണ്ടതും നിർമാണം നടത്തേണ്ടതും കീഴാറ്റൂർ പഞ്ചായത്താണ്. കെട്ടിടം നിർമിക്കാൻ 1 കോടി രൂപ കീഴാറ്റൂർ പഞ്ചായത്ത് നീക്കിവയ്ക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.മൂസക്കുട്ടി അറിയിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 60 ലക്ഷം രൂപ അനുവദിച്ചതായി യു.എ.ലത്തീഫ് എംഎൽഎ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് വാക്കാൽ അറിയിച്ചതായി ആശുപത്രി അധികൃതർ പറയുന്നു. ബാക്കി വരുന്ന തുക പൊതുജനങ്ങളിൽ നിന്ന് സംഭാവനയായി സമാഹരിക്കേണ്ടി വരും.
ഫാർമസിയും ക്ലറിക്കൽ വിഭാഗവും പ്രവർത്തിക്കുന്ന അനുബന്ധ കെട്ടിടത്തിൽ വീർപ്പ് മുട്ടിയാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം. പട്ടിക്കാട്–വടപുരം സംസ്ഥാന പാതയ്ക്ക് സമീപം പൂന്താനം ഇല്ലത്തിനടുത്ത് ഒരു ഏക്കർ സ്ഥലം കുടുംബാരോഗ്യ കേന്ദ്രത്തിന് സ്വന്തമായുണ്ട്.
22 വാർഡുകളും 30000ൽ പരം ജനസംഖ്യയുമുള്ള കീഴാറ്റൂർ പഞ്ചായത്തിൽ സാധാരണക്കാർ ആശ്രയിക്കുന്ന ഏക അലോപ്പതി ആശുപത്രിയാണിത്. പുതിയ കെട്ടിടം എത്രയും വേഗം നിർമിക്കാൻ ഉണർന്ന് പ്രവർത്തിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫ്രണ്ട് ഓഫിസ്, ഒപി കൗണ്ടർ, കൺസൽറ്റിങ് മുറികൾ, ഫാർമസി, നഴ്സിങ് റൂം, ജീവിതശൈലീ രോഗ നിയന്ത്രണ വിഭാഗം, ഇ–ഹെൽത്ത് സംവിധാനം എന്നിവയ്ക്കെല്ലാം സൗകര്യം ഒരുക്കുന്നതാണ് നിർമാണത്തിന് അനുമതി ലഭിച്ച പുതിയ കെട്ടിടം. താഴത്തെ നിലയിൽ വാഹനങ്ങൾക്ക് പാർക്കിങ് സംവിധാനവും ബഹുനില കെട്ടിടത്തിന്റെ പ്ലാനിലുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
