ഡിജിറ്റൽ തട്ടിപ്പിനിരയായാൽ ഇനി ഉടൻ നഷ്ടപരിഹാരം

Share to


Perinthalmanna Radio
Date: 07-02-2026

മുംബൈ: ഡിജിറ്റൽ തട്ടിപ്പിലൂടെ സാമ്പത്തിക നഷ്ടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകാൻ പദ്ധതി. ആദ്യമായാണ് ബാങ്ക് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്ന നടപടിക്ക് റിസർവ് ബാങ്ക് ഒരുങ്ങുന്നത്. 25,000 രൂപ വരെയായിരിക്കും നഷ്ട പരിഹാരമായി ലഭിക്കുക. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയ സാമ്പത്തിക തട്ടിപ്പിലൂടെ ചെറിയ തുക നഷ്ടപ്പെട്ടവർക്കാണ് നഷ്ടപരിഹാരം അനുവദിക്കുക. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.

ഉപഭോക്താക്കൾ അവരുടെ പിഴവു കൊണ്ടോ അല്ലെങ്കിൽ മറ്റൊരാളുടെ ശ്രമത്താലോ സാമ്പത്തിക തട്ടിപ്പിന് ഇരയാൽ നഷ്ട പരിഹാരം നൽകുമെന്ന് മൽഹോത്ര ധനനയ അവലോകനത്തിന് ശേഷം അറിയിച്ചു. ഉപഭോക്തൃ നഷ്ട പരിഹാരത്തിനായി വിശദമായ ചട്ടക്കൂട് തയാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ ഡിപോസിറ്റ് എജുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിൽ നിശ്ചിത കാലയളവിൽ അധിക പണം സമാഹരിച്ചിട്ടുണ്ടെന്നും ഈ ഫണ്ട് ഉപയോഗിച്ചായിരിക്കും നഷ്ടപരിഹാരം നൽകുകയെന്നും ഡപ്യൂട്ടി ഗവർണർ ജെ. സ്വാമിനാഥൻ പറഞ്ഞു. മൂന്നിൽ രണ്ട് തട്ടിപ്പ് കേസുകളിലും നഷ്ടപ്പെട്ടത് ചെറിയ തുകയാണ്. മൊത്തം ഡിജിറ്റൽ തട്ടിപ്പുകളിൽ 15 ശതമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,

നഷ്ടപ്പെട്ട തുകയുടെ 85 ശതമാനം വരെ, അല്ലെങ്കിൽ ₹25,000, ഏതാണോ കുറവ് അതാണ് ഉപഭോക്താക്കൾക്ക് നൽകുക. നഷ്ട പരിഹാരത്തിന്റെ ഒരു ഭാഗം റിസർവ് ബാങ്കും 15 ശതമാനം ബാങ്കും അനുവദിക്കും. ബാക്കി 15 ശതമാനം സാമ്പത്തിക നഷ്ടം ഉപഭോക്താക്കൾ വഹിക്കണം.

ഡിജിറ്റൽ തട്ടിപ്പ് കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇത്തരം തട്ടിപ്പുകളിലൂടെ കഠിനാധ്വാനം ചെയ്ത് കരുതിവെച്ച സമ്പാദ്യം ഉപഭോക്താക്കൾക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണ്. റിസർവ് ബാങ്കിന്റെ കണക്ക് പ്രകാരം, 2024-25 ലെ മൊത്തം തട്ടിപ്പുകളിൽ 66.8 ശതമാനവും കാർഡ്, ഇന്റർനെറ്റ് തട്ടിപ്പുകളാണ്. ആ വർഷം ഏകദേശം 13,500 കാർഡ്, ഇന്റർനെറ്റ് തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 520 കോടി നഷ്ടപ്പെട്ടു. 2023-24 വർഷം 29,000 ത്തിലധികം ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഏകദേശം 1,457 കോടി രൂപ നഷ്ടപ്പെട്ടു. 2022-23 ൽ 6,700 തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ ഏകദേശം 277 കോടി രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *