പുലാമന്തോൾ ടൗണിനടുത്ത് പുലിയെ കണ്ടതായി നാട്ടുകാർ

Share to

Perinthalmanna Radio
Date: 07-03-2025

പെരിന്തൽമണ്ണ ∙ പുലാമന്തോൾ ടൗണിനടുത്ത് പുലിയെ കണ്ടതായി നാട്ടുകാർ. ആശങ്കയും ഭീതിയുമുയർന്നതോടെ ഇന്നലെ വനംവകുപ്പ് ആർആർടി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് 8–ാം വാർഡ് പ്രദേശമായ യുപി–തിരുത്ത് ബൈപാസിൽ വച്ച് യുവാവ് പുലിയെ കണ്ടതായി പറയുന്നത്. ഉടൻ തന്നെ ആളുകൾ അന്വേഷണം നടത്തിയപ്പോൾ ആദ്യമെത്തിയവർ ടോർച്ചിന്റെ വെളിച്ചത്തിൽ ദൂരെയായി ഒരു ജീവിയുടെ കണ്ണുകൾ കണ്ടതായി പറയുന്നു. പിന്നീട് ജീവി ഓടിമറഞ്ഞു. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.

ഇന്നലെ രാവിലെ നാട്ടുകാർ നടത്തിയ പരിശോധനയിൽ അജ്ഞാത ജീവിയുടേതെന്ന് കരുതുന്ന ചില കാൽപാടുകളും ഇവിടങ്ങളിൽ കണ്ടെത്തി. ഇതേത്തുടർന്നാണ് നിലമ്പൂർ സൗത്ത് ആര്ആർടി സെക്‌ഷൻ ഫോറസ്‌റ്റ് ഓഫിസർ എസ്.മുഹമ്മദ് അൽത്താഫിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. എന്നാൽ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നും നിരീക്ഷണം തുടരുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മണലിൽ കണ്ടെത്തിയ കാൽപാടുകളിൽ വ്യക്തത ലഭിച്ചില്ല. പ്രദേശത്ത് അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തിയാൽ വിവരം നൽകണമെന്ന് നാട്ടുകാരോട് നിർദേശിച്ചിട്ടുണ്ട്. പ്രദേശത്തെ പൊന്തക്കാടുകൾ വെട്ടിനീക്കാനും പഞ്ചായത്ത് അധികൃതരോട് നിർദേശിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ, വാർഡംഗം കെ.ടി.അഷ്‌കർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *