
Perinthalmanna Radio
Date: 07-04-2025
പെരിന്തല്‍മണ്ണ: ചേലാമലയില്‍ അലീഗഢ് കാമ്ബസ് നില്‍ക്കുന്ന കുന്നുംപുറത്ത് ടാങ്ക് സ്ഥാപിച്ച് തൂതപ്പുഴയില്‍ നിന്ന് വെള്ളം പമ്ബിങ് നടത്തി ശുദ്ധീകരിച്ച് വിതരണം നടത്തുന്ന രാമഞ്ചാടി ശുദ്ധജല പദ്ധതി വഴി ഈ വേനലിലും വെള്ളം എത്തില്ല.
ഇനി കാത്തിരിപ്പ് വൈദ്യുതി ലഭിക്കാൻ മാത്രം എന്നായിരുന്നു 2024 മാർച്ചില്‍ ജലവിഭവ വകുപ്പ് ജനങ്ങളോട് പറഞ്ഞിരുന്നത്. ആറുകോടിയുടെ പദ്ധതി കിഫ്ബിക്ക് നല്‍കിയിട്ടുണ്ടെങ്കിലും അന്ന് അംഗീകാരം ആയിരുന്നില്ല. പിന്നീട് നടപടികളില്‍ മെല്ലെപ്പോക്ക് തുടർന്നു
പെരിന്തല്‍മണ്ണ നഗരസഭയിലും ഏലംകുളം, അങ്ങാടിപ്പുറം, ആലിപ്പറമ്ബ് പഞ്ചായത്തുകളിലുമാണ് വെള്ളമെത്തേണ്ടത്. 2020ല്‍ 93 കോടിയുടെ പദ്ധതി തുടങ്ങിയപ്പോള്‍ 2022 മാർച്ചില്‍ കമീഷൻ ചെയ്യുമെന്നായിരുന്നു ഉറപ്പ്. അഞ്ചുവർഷം പിന്നിട്ടിട്ടും പദ്ധതിയില്‍ വെള്ളം ചുരത്തുന്നത് നോക്കിയിരിക്കുകയാണ് നൂറുകണക്കിന് കുടുംബങ്ങള്‍. അലീഗഢ് കാമ്ബസ് സൈറ്റില്‍ സ്ഥാപിച്ച ജലസംഭരണിയിലേക്ക് പമ്ബിങ് നടത്തി ശുദ്ധീകരിച്ച് നഗരപ്രദേശത്തേക്ക് സ്വാഭാവികമായി ജലമൊഴുക്കി വിടുന്നതാണ് പദ്ധതി.
അലീഗഢ് കാമ്ബസില്‍ ഒന്നര ഏക്കർ ഭൂമി ഇതിന് അനുവദിച്ചിട്ടുണ്ട്. 23 എം.എല്‍.ഡി വെള്ളമാണ് പ്രതിദിനം പമ്ബിങ് നടത്തുക. പദ്ധതിയില്‍നിന്ന് 11 എം.എല്‍.ഡി പെരിന്തല്‍മണ്ണ നഗരസഭക്കും നാല് എം.എല്‍.ഡി വീതം അലീഗഢ് സർവകലാശാലക്കും ഏലംകുളം, അങ്ങാടിപ്പുറം പഞ്ചായത്തുകള്‍ക്കുമാണ്. ആദ്യഘട്ടത്തില്‍ പെരിന്തല്‍മണ്ണ നഗരസഭ, ഏലംകുളം, അലീഗഢ് എന്നിവക്കാണ് വെള്ളമെത്തിക്കുക.
നിലവിലെ കട്ടുപ്പാറ പദ്ധതിയില്‍ 3.5 എം.എല്‍.ഡി ശേഷിയുള്ള അർബൻ ജലവിതരണ സംവിധാനം നിലവിലുണ്ട്. ഇതാണ് 23 എം.എല്‍.ഡി ആയി മാറുന്നത്. പെരിന്തല്‍മണ്ണയില്‍ നിന്ന് ഏലംകുളം രാമഞ്ചാടി കടവു വരെ എട്ട് കി.മീ പുതിയ ഫീഡറിനുള്ള വലിയ ലൈൻ വലിക്കാനാണ് ആറുകോടിയുടെ പദ്ധതി.
അങ്ങാടിപ്പുറവും ആലിപ്പറമ്ബും രണ്ടാം ഘട്ടത്തിലേ ഉണ്ടാവൂ. പെരിന്തല്‍മണ്ണ ടൗണിലെ അർബൻ ജലവിതരണ പദ്ധതിയില്‍ പഴകിയ എ.സി പൈപ്പുകള്‍ മുഴുവനായി മാറ്റി ജി.ഐ പൈപ്പുകള്‍ സ്ഥാപിച്ചു. 47 കിലോമീറ്റർ വരുന്ന ഈ വിതരണ പൈപ്പുകള്‍ മാറ്റാൻ മാത്രം 37 കോടിയാണ് ചെലവിട്ടത്. കിണർ, പമ്ബുസെറ്റ് , ട്രീറ്റ്മെൻറ് പ്ലാന്റ്, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഒന്നര വർഷം മുമ്ബ് തയാറായി.
ശുചീകരണശാല, കിണർ, കിണറ്റില്‍ നിന്ന് പമ്ബിങ് മെയിൻ, പാതായ്ക്കര ടാങ്കിലേക്കുള്ള ഗ്രാവിറ്റി മെയിൻ, ഏലംകുളം പഞ്ചായത്തിലേക്കുള്ള പൈപ്പ് എന്നിവയും പൂർത്തിയാക്കി. താഴെയുള്ള കിണർ സൈറ്റ്, ഉയരം കൂടിയതിനാല്‍ ഇടയില്‍ സ്ഥാപിച്ച ബൂസ്റ്റർ പമ്ബിങ് സ്റ്റേഷൻ എന്നിവിടങ്ങളിലും ഉയർന്ന അളവില്‍ വൈദ്യുതി എത്തണം. കിണറിനു സമീപവും ബൂസ്റ്റർ യൂനിറ്റിലുമാണ് പമ്പ് സ്ഥാപിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
