പെരിന്തൽമണ്ണയിൽ ആവേശം വിതറി എൽ.ഡി.എഫ്, യു.ഡി.എഫ് റോഡ് ഷോകൾ

Share to


Perinthalmanna Radio
Date: 07-04-2026

പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിലെത്തിച്ച് മുന്നണികളുടെ റോഡ് ഷോകൾ നടന്നു. എൽ.ഡി.എഫ് സ്ഥാനാർഥി വി.പി. മുഹമ്മദ് ഹനീഫയുടെയും യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെയും പ്രചാരണത്തിന്റെ ഭാഗമായാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് ഷോകൾ സംഘടിപ്പിച്ചത്.

എൽ.ഡി.എഫ് സ്ഥാനാർഥി വി.പി. മുഹമ്മദ് ഹനീഫയുടെ പര്യടനം ഓണപ്പുടയിൽ നിന്ന് ആരംഭിച്ച് ചെമ്മലശ്ശേരി വില്ലേജ് ഓഫീസ്, താഴത്തേതിൽ പടി, കുണ്ടറക്കൽപടി, ബാങ്ക് പടി, രണ്ടാംമൈൽ, വടക്കൻ പാലൂർ, പുലാമന്തോൾ തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി കട്ടുപ്പാറയിൽ സമാപിച്ചു. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. തിങ്കളാഴ്ച രാവിലെ മനഴി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച് കോഴിക്കോട് റോഡിൽ സമാപിച്ച പ്രഭാത നടത്തത്തിലും സ്ഥാനാർഥി പങ്കാളിയായി. വി. ശശികുമാർ, ഇ. രാജേഷ്, കെ. ശ്യാം പ്രസാദ് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി. ചൊവ്വാഴ്ച രാവിലെ കോടതിപ്പടിയിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ മേലാറ്റൂർ, വെട്ടത്തൂർ, താഴേക്കോട്, കുന്നക്കാവ് വഴി വൈകുന്നേരം പെരിന്തൽമണ്ണ ടൗണിൽ സമാപിക്കും.

യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ റോഡ് ഷോ പുലാമന്തോൾ പഞ്ചായത്തിലെ ഓണപ്പുടയിൽ നിന്നാണ് ആരംഭിച്ചത്. ഏലംകുളം, ആലിപ്പറമ്പ്, താഴേക്കോട് പഞ്ചായത്തുകളിലൂടെയും മുനിസിപ്പാലിറ്റി പരിധിയിലൂടെയും കടന്നു പോയ റോഡ് ഷോ ഏലംകുളം പഞ്ചായത്തിലെ ചെറുകര അങ്ങാടിയിൽ സമാപിച്ചു. ബൈക്കുകളിൽ സ്ഥാനാർഥിയെ അകമ്പടി സേവിച്ചെത്തിയ നൂറുകണക്കിന് പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് നൽകിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറി വി. ബാബുരാജ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ സലീം കുരുവമ്പലം, ഉസ്മാൻ താമരത്ത്, ഡി.സി.സി സെക്രട്ടറി സി. സുകുമാരൻ തുടങ്ങിയ പ്രമുഖ നേതാക്കൾ സ്ഥാനാർഥിയെ അനുഗമിച്ചു. ചൊവ്വാഴ്ച വെട്ടത്തൂർ, മേലാറ്റൂർ പഞ്ചായത്തുകളിലും പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലും യു.ഡി.എഫ് റോഡ് ഷോ തുടരും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *