
Perinthalmanna Radio
Date: 07-04-2026
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ രണ്ടുദിവസത്തേക്ക് കേരളത്തിൽ മദ്യവിൽപ്പനയുണ്ടാകില്ല. ചൊവ്വാഴ്ച വൈകീട്ട് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകീട്ടുവരെയാണ് മദ്യവിൽപ്പനയ്ക്ക് നിരോധനമുള്ളത്. മേയ് നാലിന് വോട്ടെണ്ണൽ ദിനത്തിലും മദ്യവിൽപ്പനയുണ്ടാകില്ല.
ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് മുതൽ ‘ഡ്രൈ ഡേ’ ഉത്തരവ് നിലവിൽവരും. അതിനാൽ ചൊവ്വാഴ്ച വൈകീട്ട് ഏഴുമണി മുതൽ കേരളത്തിലെ മദ്യശാലകൾ അടഞ്ഞുകിടക്കും. ബുധനാഴ്ചയും തുറക്കില്ല. ഇനി വ്യാഴാഴ്ച വൈകീട്ട് വോട്ടെടുപ്പ് അവസാനിച്ച് ശേഷം മാത്രമാകും മദ്യവിൽപ്പനശാലകൾ പ്രവർത്തനം ആരംഭിക്കുക.
ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാൽ റീപോളിങ് നടക്കുന്ന ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും. വോട്ടെണ്ണൽ ദിനമായ മേയ് നാലിനും കേരളത്തിൽ മദ്യശാലകൾ പ്രവർത്തിക്കില്ല.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135C പ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ യാതൊരുവിധ ലഹരിപദാർത്ഥങ്ങളും വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. മദ്യഷാപ്പുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ തുടങ്ങി മദ്യം വിളമ്പുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ നിരോധനം ബാധകമാണ്. സ്റ്റാർ ഹോട്ടലുകൾക്കും ക്ലബ്ബുകൾക്കും മറ്റ് പ്രത്യേക ലൈസൻസുള്ള സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങളിൽ മദ്യം വിളമ്പാൻ അനുവാദമുണ്ടാകില്ല.
വ്യക്തികൾ മദ്യം സംഭരിച്ചുവെക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള നിയമവിരുദ്ധമായ മദ്യക്കടത്ത് തടയാൻ അതിർത്തികളിൽ കർശന പരിശോധന നടത്തും.
എക്സൈസ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എക്സൈസ് കമ്മീഷണർക്കും പോലീസിനും നിർദ്ദേശം നൽകിയതായും അറിയിച്ചിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
