
Perinthalmanna Radio
Date: 07-05-2025
ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വടക്ക്- പടിഞ്ഞാറൻ മേഖലയില്‍ കനത്ത ജാഗ്രതയുമായി ഇന്ത്യ. പ്രധാനപ്പെട്ട പല വിമാനത്താവളങ്ങളും ആക്രമണത്തിന് പിന്നാലെ ഇന്ത്യ അടച്ചിട്ടുണ്ട്.
ധർമശാല, ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാതരം സർവീസുകളും തടസപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.
പല വിമാന സർവീസുകളും പുനക്രമീകരിച്ചിട്ടുണ്ടെന്ന് വിമാന കമ്പനികളായ ഇൻഡിഗോ, സ്പൈസ്ജെറ്റ്, എയർ ഇന്ത്യ എന്നിവർ അറിയിച്ചു. അമൃത്സറിലേക്കുള്ള രണ്ട് അന്തർദേശീയ സർവീസുകള്‍ വഴി തിരിച്ചുവിട്ടു. അതേ സമയം, പാക് വ്യോമപാതയും അടച്ചിട്ടുണ്ട്. പല വിദേശ വിമാന കമ്പനികളും പാക് വ്യോമപാത ഒഴിവാക്കിയിട്ടുണ്ട്.
ഫ്ലൈറ്റുകളുടെ സ്റ്റാറ്റസ് നോക്കിയിട്ട് മാത്രം യാത്ര നടത്തിയാല്‍ മതിയെന്ന് കമ്പനികള്‍ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയുമായി ഇന്ത്യ. പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകർത്തതായി കരസേന അറിയിച്ചു. ഓപറേഷൻ സിന്ദൂർ എന്നു പേരിട്ട സൈനിക നടപടിയില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് തകർത്തത്. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിശദാംശങ്ങള്‍ ഉടൻ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ശേഷം നീതി നടപ്പാക്കിയെന്ന് സൈന്യം എക്സില്‍ കുറിച്ചു. ബഹാവല്‍പൂർ, മുസാഫറബാദ്, കോട്‍ലി, മുറിഡ്കെ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ