
Perinthalmanna Radio
Date: 07-05-2025
ന്ത്യ – പാകിസ്താൻ സംഘർഷ സാധ്യത കണക്കിലെടുത്ത് രാജ്യത്ത് ഇന്ന് മോക് ഡ്രില്‍. ഏത് സാഹചര്യത്തെയും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിന്റെ ഭാഗമായാണ് മോക് ഡ്രില്‍ നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് കേരളത്തിലെ 14 ജില്ലകളിലും സിവില്‍ ഡിഫൻസ് മോക്ക് ഡ്രില്‍ നടത്തും.
വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവില്‍ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങള്‍ വിലയിരുത്തും. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമുകളിലേക്ക് വ്യോമസേന നല്‍കുന്ന സന്ദേശത്തെ തുടർന്നായിരിക്കും സിവില്‍ ഡിഫൻസ് സംവിധാനം സജീവമാകുന്നത്. ഡ്രില്ലിന്റെ ചുമതല അഗ്നിശമന സേനയ്ക്കാണ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കലക്ടർ കണ്‍ട്രോളിങ് ഓഫിസറായും ജില്ലാ ഫയർ ഓഫിസർ നോഡല്‍ ഓഫിസറായും പ്രവർത്തിക്കും.
മോക്ക് ഡ്രില്ലിൻ്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നല്‍കിയതായി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അറിയിച്ചു. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിർദ്ദേശങ്ങള്‍
കമ്മ്യൂണിറ്റി തല ഇടപെടലുകള്‍
- റസിഡന്റ്സ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാർഡ് തലത്തില്‍) മോക്ക് ഡ്രില്‍ വാർഡന്മാരെ നിയോഗിക്കുക.
- എല്ലാ പ്രദേശവാസികള്‍ക്കും സിവില്‍ ഡിഫൻസ് ബ്ലാക്ക്‌ഔട്ട് നിർദ്ദേശങ്ങള്‍ എത്തിക്കുക.
- ആവശ്യമെങ്കില്‍ ആരാധനാലയങ്ങളിലെ അനൗണ്സ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുക.
- വാർഡുതല ഡ്രില്ലുകള്‍ സംഘടിപ്പിക്കുക.
- സ്കൂളുകളിലും, ബേസ്മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക.
- കമ്മ്യൂണിറ്റി വോളന്റിയർമാർ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്‌ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്‌ഔട്ട് സമയത്ത് മോക്ക് ഡ്രില്‍ വാർഡന്മാരുടെ നിർദ്ദേശങ്ങള്‍ അനുസരിക്കുക. കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.
ഗാർഹികതല ഇടപെടലുകള്‍
- മോക്ക് ഡ്രില്‍ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതാണ്. അടിയന്തര ഘട്ടത്തില്‍ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാൻ ജനാലകളില്‍ കട്ടിയുള്ള കാർഡ് ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കുക.