
Perinthalmanna Radio
Date: 07-11-2025
വളാഞ്ചേരി: ഉപരി തലത്തിലെ വിള്ളലിനെ തുടർന്നു വാഹന ഗതാഗതം നിയന്ത്രണ വിധേയമാക്കിയ തിരുവേഗപ്പുറ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കണമെന്ന ആവശ്യം വ്യാപകമായി. മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ചു തൂതപ്പുഴയിലുള്ള പാലത്തിന് 6 ദശകങ്ങളുടെ പഴക്കമുണ്ട്. നിർമാണ കാലത്തിനു ശേഷം കാര്യമായ അറ്റകുറ്റപ്പണികളും ഉണ്ടായില്ല.
മൂന്നുവർഷം മുൻപ് മേജർ അറ്റകുറ്റപ്പണി നടത്തിയിട്ടും പാലത്തിനു മുകളിൽ വിള്ളൽ കണ്ടെത്തിയതിൽ പ്രദേശവാസികൾ ദുരൂഹത ആരോപിക്കുന്നുണ്ട്. അരനൂറ്റാണ്ടിനു മുൻപുള്ള വാഹന ഗതാഗതം കണക്കാക്കി നിർമിച്ച പാലത്തിന് 149 മീറ്ററാണ് നീളം. വളാഞ്ചേരി-കൊപ്പം പാതയിൽ ഏറ്റവും വാഹനത്തിരക്കുള്ള റോഡാണിത്. പാലക്കാട്ടേക്കും പട്ടാമ്പിയിലേക്കും ചെർപ്പുളശ്ശേരിയിലേക്കുമുള്ള എളുപ്പമാർഗവും ഇതുവഴിയാണ്. റബറൈസ്‌ഡ് ചെയ്‌ത റോഡ് വഴി രാപകൽ വ്യത്യാസമില്ലാതെ വാഹനഗതാഗതമുണ്ട്.
ഇനിയും അറ്റകുറ്റപ്പണി നടത്തി പാലം തുറന്നു കൊടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യം യാത്രക്കാരും ഡ്രൈവർമാരും ഉന്നയിച്ചിട്ടുണ്ട്. നിലവിലുള്ള പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിച്ചാൽ ഏറെ ഗുണകരമാവുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വെള്ളി രാവിലെയാണ് പാലത്തിനു മുകളിൽ വിള്ളൽ കണ്ടെത്തിയത്.
വൈകിട്ടോടെ ഇതുവഴിയുള്ള വാഹനഗതാഗതം നിയന്ത്രണ വിധേയമാക്കി. വലിയ വാഹനങ്ങൾ പാലത്തിലൂടെ കടത്തി വിടുന്നതും നിരോധിച്ചു. പുതിയ കാലഘട്ടത്തിലെ പാലങ്ങളെ അപേക്ഷിച്ച് തിരുവേഗപ്പുറ പാലത്തിനു വീതി കുറവാണ്. 2 വാഹനങ്ങൾക്ക് വഴിമാറിപ്പോകാനുള്ള സൗകര്യമാണുള്ളത്. പുതിയ പാലം നിർമിക്കണമെന്ന ആവശ്യത്തിനുള്ള പ്രധാന കാരണവും ഇതാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
