
Perinthalmanna Radio
Date: 08-02-2025
പെരിന്തൽമണ്ണ: പകുതി വിലക്ക് ലാപ്ടോപ്പ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് 21,000 രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കേസെടുത്തതില്‍ പ്രതികരിച്ച് നജീബ് കാന്തപുരം എം.എല്‍.എ.
തനിക്കൊരു സ്വപ്നമുണ്ടെന്നും അത് സഫലമാകും വരെ മുന്നിലുണ്ടാവുമെന്നും നജീബ് കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു. ഒരു കേസ് കൊണ്ടും ഞാൻ വലിയ ഉത്തരവാദിത്ത നിർവ്വഹണത്തില്‍ നിന്ന് പിറകോട്ട് പോവില്ലെന്നും ഒരു എതിരാളിയും അത് കിനാവു കാണേണ്ടെന്നും നജീബ് കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു. കൂടാതെ, സ്കൂള്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
*നജീബ് കാന്തപുരത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:*
എനിക്കൊരു സ്വപ്നമുണ്ട്. പെരിന്തല്‍മണ്ണയിലെ ഏറ്റവും ദുർബലനായ മനുഷ്യനും അന്തസ്സോടെ എഴുന്നേറ്റ് നില്‍ക്കാൻ കഴിയുന്ന ഒരു ദിവസം. ആ സ്വപ്നം സഫലമാകും വരെ ഞാൻ ഈ എനർജിയോടെ തന്നെ നിങ്ങളുടെ മുന്നിലുണ്ടാവും. ഒരു കേസ് കൊണ്ടും ഞാൻ ആ വലിയ ഉത്തരവാദിത്ത നിർവ്വഹണത്തില്‍ നിന്ന് പിറകോട്ട് പോവില്ല. ഒരു എതിരാളിയും അത് കിനാവു കാണേണ്ട..
പകുതി വിലക്ക് ലാപ്ടോപ്പ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് 21,000 രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നജീബ് കാന്തപുരം എം.എല്‍.എക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് ഇന്നലെ കേസെടുത്തത്. പുലാമന്തോള്‍ ടി.എൻ പുരം സ്വദേശിനി അനുപമയുടെ പരാതിയിലാണ് നടപടി.
2024 സെപ്തംബർ 25 നാണ് എം.എല്‍.എയുടെ ഓഫിസില്‍ എത്തി പണം നല്‍കിയത്. പണം കൈപ്പറ്റിയ ഓഫിസ് സെക്രട്ടറി കേസില്‍ രണ്ടാം പ്രതിയാണ്. 40 ദിവസം കഴിഞ്ഞാല്‍ ലാപ്ടോപ്പ് ലഭിക്കുമെന്നാണ് വിശ്വസിപ്പിച്ചത്. എന്നാല്‍, ലാപ്ടോപ്പോ പണമോ ലഭിക്കാതായതോടെയാണ് പരാതി നല്‍കിയത്.
ഭാരതീയ ന്യായസംഹിത 318 (4), 3 (5) വകുപ്പുകളില്‍ പെരിന്തല്‍മണ്ണ എസ്.ഐ ടി.എ ഷാഹുല്‍ ഹമീദാണ് കേസെടുത്തത്. പണം നല്‍കിയപ്പോള്‍ ‘മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷൻ’ എന്ന പേരിലാണ് രശീതി ലഭിച്ചത്. എം.എല്‍എ ഓഫിസിലെ ജീവനക്കാരാണ് അപേക്ഷ വാങ്ങിയതും പണം കൈപ്പറ്റി രശീതി നല്‍കിയതും.
നജീബ് കാന്തപുരം എം.എല്‍.എ നേതൃത്വം നല്‍കുന്ന പദ്ധതിയാണെന്ന വിശ്വാസത്താലാണ് മുൻകൂർ പണമടച്ചതെന്നും കിട്ടാതായതോടെ എം.എല്‍.എയുടെ ഓഫിസിലെത്തി അന്വേഷിച്ചിരുന്നെന്നും അനുപമയുടെ പിതാവ് ഉണ്ണികൃഷ്ണൻ പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ