അങ്ങാടിപ്പുറം മാമാങ്ക ചാവേർത്തറ സ്മാരക നിർമ്മാണം അനന്തമായി നീളുന്നു

Share to


Perinthalmanna Radio
Date: 08-02-2026

അങ്ങാടിപ്പുറം: ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന്റെ സ്മരണകളുറങ്ങുന്ന അങ്ങാടിപ്പുറത്തെ മാമാങ്ക ചാവേർത്തറ സ്മാരക നിർമ്മാണം അനന്തമായി നീളുന്നു. 2019-ൽ സംസ്ഥാന ടൂറിസം വകുപ്പ് ഒന്നരക്കോടി രൂപ അനുവദിച്ചുകൊണ്ട് തുടങ്ങിയ പദ്ധതിയാണ് വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാകാതെ പാതിവഴിയിൽ നിൽക്കുന്നത്. ഇതോടെ ഇത്തവണത്തെ മാമാങ്കോത്സവത്തിനും പദ്ധതി യാഥാർഥ്യമാക്കാനായില്ലെന്ന നിരാശയിലാണ് നാട്ടുകാരും ചരിത്രപ്രേമികളും.

മാമാങ്കത്തിൽ കോഴിക്കോട് സാമൂതിരിയെയും അദ്ദേഹത്തിന്റെ സൈന്യത്തെയും നേരിടാൻ അങ്ങാടിപ്പുറത്തുനിന്നാണ് ചാവേറുകൾ പുറപ്പെട്ടിരുന്നത് എന്നാണ് ചരിത്രം. ഈ പോരാട്ട വീര്യത്തിന്റെ ഓർമ്മയ്ക്കായി ചാവേർത്തറയുടെ കവാടങ്ങൾ, നടപ്പാതകൾ, ഇൻഫർമേഷൻ കൗണ്ടർ, മാമാങ്ക ചരിത്രം വിശദമാക്കുന്ന ചിത്രങ്ങൾ, രൂപങ്ങൾ എന്നിവയും പൂരപ്പറമ്പ് നവീകരണവും ഉൾപ്പെടുന്ന വിപുലമായ പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കീഴിൽ സർക്കാർ ഏജൻസിയായ നിർമ്മിതിക്കാണ് നിർമ്മാണ ചുമതല നൽകിയിരിക്കുന്നത്. എന്നാൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന മാമാങ്കോത്സവ വേളയിലും സ്മാരകത്തിന്റെ കുറവ് പ്രകടമായിരുന്നു. ഈ ചാവേർത്തറയ്ക്ക് സമീപത്തുനിന്നാണ് തിരുനാവായയിലേക്കുള്ള അംഗവാൾ പ്രയാണത്തിന്റെ സ്മൃതി സദസ്സ് നടന്നത്. സ്മാരകത്തിന്റെ പണി തീരാത്തതിനാൽ കായിക അഭ്യാസികളുടെ പ്രകടനങ്ങൾ ഇത്തവണയും ക്ഷേത്രത്തിലേക്കുള്ള വഴിയിൽ തന്നെ നടത്തേണ്ടി വന്നു. നിർമ്മാണം പൂർത്തിയായിരുന്നെങ്കിൽ മാമാങ്ക അനുസ്മരണ പരിപാടികൾക്ക് കൂടുതൽ സൗകര്യപ്രദമായ വേദി ഒരുങ്ങുമായിരുന്നു.

തിരുനാവായയിലെ സ്മാരകങ്ങൾ ഒരു പരിധിവരെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും അങ്ങാടിപ്പുറത്തെ ചാവേർത്തറയുടെ കാര്യത്തിൽ അവഗണന തുടരുകയാണെന്ന് തിരുനാവായ മാമാങ്ക മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. നിലവിൽ ഭാഗികമായി മാത്രം നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തികൾ വേഗത്തിലാക്കി അടുത്ത വർഷത്തെ മാമാങ്കത്തിന് മുൻപായെങ്കിലും സ്മാരകം നാടിന് സമർപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. മാമാങ്ക ചരിത്രത്തെ വരും തലമുറയ്ക്കായി നിലനിർത്താൻ സ്മാരക നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് സാംസ്കാരിക പ്രവർത്തകരും ആവശ്യപ്പെടുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *