ലഹരി ഉപയോഗത്തിനെതിരെ അഷ്‌റഫ് മുന്നയുടെ  ഒറ്റയാൾ പോരാട്ടം

Share to

Perinthalmanna Radio
Date: 08-03-2025

പെരിന്തൽമണ്ണ:  കൗമാരക്കാരുടെ ലഹരി ഉപയോഗത്തിനെതിരെ ഒറ്റയാൾ പോരാട്ടവുമായി അഷ്‌റഫ് മുന്ന (47) എന്ന കലാകാരൻ ശ്രദ്ധേയനാവുന്നു. ‘അരുത് ’ എന്ന ഏകാംഗ നാടകവുമായി ഈ കലാകാരൻ ഇതിനകം 101 വേദികൾ പിന്നിട്ടു. നാടകത്തിനു ശേഷം കാണികളെക്കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞയെടുപ്പിച്ച് ദീപം തെളിയിച്ചാണ് വേദി വിടുക.

നാടകത്തിൽ ആശാ വർക്കറായ ലളിത പാതായ്ക്കരയും സിനിമാ സീരിയൽ നടൻ ഉബൈദ് ഖാനും ശബ്ദം നൽകുന്നുണ്ട്. ബാബു ഒലിപ്രയാണ് രചനയും സംവിധാനവും. വിദ്യാർഥികളുടെ ഇടയിൽ ലഹരി പിടിമുറുക്കിത്തുടങ്ങിയെന്ന തിരിച്ചറിവിന്റെയും വേദനയുടെയും ബാക്കിപത്രമായാണ് 1 വർഷം മുൻപ് നാടകവുമായി രംഗത്തിരങ്ങാൻ കാരണമെന്ന് അഷ്‌റഫ് മുന്ന പറയുന്നു.

കഴിഞ്ഞ 23 വർഷത്തോളമായി പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്കിലെ കലക്‌ഷൻ ഏജന്റാണ് അഷ്‌റഫ് മുന്ന.

പുതിയ കാലം ഏറെ ഭയപ്പെടുത്തുന്നതാണ്. നമ്മുടെ കുട്ടികളെ പരമാവധി ചേർത്തു പിടിക്കണം. സമൂഹവും രക്ഷിതാക്കളും അധികൃതരുമെല്ലാം ഇക്കാര്യത്തിൽ നിതാന്ത ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറയുന്നു.

സ്‌കൂൾ–കോളജ് ക്യാംപസുകളിലും കുടുംബശ്രീ കൂട്ടായ്മകളിലും പൊതു വേദികളിലും കാർണിവലുകളിലും മറ്ര് ആഘോഷ പരിപാടികളിലുമെല്ലാം നാടകം അവതരിപ്പിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലും വിദേശ രാജ്യങ്ങളിലും വരെ ഈ നാടകം അവതരിപ്പിക്കാൻ അവസരം ലഭിച്ചു.

10 വർഷത്തോളമായി പൂപ്പലത്താണ് താമസം, ഭാര്യ സജ്‌ലയും മക്കൾ മുഹമ്മദ് ഫാരിസും അന്ന അഷ്‌റഫും അംന ജന്നയും അഷ്‌റഫ് മുന്നയുടെ പ്രവർത്തനങ്ങൾക്ക് പരിപൂർണ പിന്തുണ നൽകുന്നുണ്ട്. ഇന്നലെ പെരിന്തൽമണ്ണയിൽ നാടകം അവതരിപ്പിച്ചു. ഇന്ന് കരുവാരക്കുണ്ടിൽ മുന്നയുടെ നാടകാവതരണമുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *