
Perinthalmanna Radio
Date: 08-04-2025
മഞ്ചേരി ∙ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) തീരുമാനപ്രകാരം നഗരത്തിൽ നടപ്പാക്കാൻ തീരുമാനിച്ച ഗതാഗത പരിഷ്കാരത്തിന്റെ ട്രയൽ റൺ 17 മുതൽ. ഇന്നലെ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയാണ് തീരുമാനം എടുത്തത്.
മാസങ്ങൾക്കു മുൻപ് ഗതാഗത പരിഷ്കാരം സംബന്ധിച്ച് ആർടിഎ തീരുമാനം എടുത്തിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. പുതിയ തീരുമാനം അനുസരിച്ച് 2 ദിവസം ട്രയൽ റൺ നടത്തും. പിന്നീട് പൊലീസ്, മോട്ടർ വാഹന വകുപ്പ്, നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ പരിശോധന നടത്തി തുടർനടപടി സ്വീകരിക്കും. അതോറിറ്റിയുടെ തീരുമാനം നിലവിലുള്ള ഗതാഗതക്കുരുക്ക് കൂട്ടുമെന്നും യാത്രാദുരിതം വർധിക്കുമെന്നും പരാതി ഉയർന്നതിനാലാണ് മാറ്റിവച്ചത്. പരിഷ്കാരം നടപ്പാക്കുന്നതിനു മുന്നോടിയായി നഗരത്തിൽ നടപ്പാക്കേണ്ട മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നും ബസ് ഉടമകൾ പരാതിപ്പെട്ടിരുന്നു.
മഞ്ചേരിയിലൂടെ കടന്നുപോകുന്ന എല്ലാ ബസുകളും സെൻട്രൽ ജംക്‌ഷൻ കേന്ദ്രീകരിക്കുന്നതും, പ്രധാന റോഡുകൾ വൺവേ സംവിധാനത്തിലേക്ക് മാറുന്നതുമായിരുന്നു പ്രധാന നിർദേശം. പരിഷ്കാരത്തിനു മുൻപായി അടയാള ബോർഡുകൾ സ്ഥാപിക്കും. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളുമായി വരുന്ന വാഹനങ്ങൾക്ക് ആശുപത്രി വളപ്പിൽ പാർക്കിങ് സൗകര്യം ഒരുക്കണം. ഐജിബിടിയിൽ ടൂറിസ്റ്റ് ബസുകളുടെ അനധികൃത പാർക്കിങ് നീക്കും.
യോഗത്തിൽ വി.എം.സുബൈദ ആധ്യക്ഷ്യം വഹിച്ചു. തഹസിൽദാർ എം.മുകുന്ദൻ, എസ്എച്ച്ഒ ഡോ. എം.നന്ദഗോപൻ, എംവിഐ കെ.ജി.ദിലീപ് കുമാർ, ട്രാഫിക് എസ്ഐ അബൂബക്കർ കോയ, മരാമത്ത് വകുപ്പ് ഓവർസീയർ പി.അനു, നഗരസഭാ സെക്രട്ടറി പി.സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ