
Perinthalmanna Radio
Date: 08-04-2025
അങ്ങാടിപ്പുറം ∙ എൻജിനീയറിങ് വിഭാഗത്തിലെ ഒഴിവുകൾ നികത്താത്തതു കൊണ്ട് മാത്രം അങ്ങാടിപ്പുറം പഞ്ചായത്തിന് 4 കോടിയോളം രൂപ സംസ്ഥാന സർക്കാർ നഷ്ടപ്പെടുത്തിയെന്ന് പ്രസിഡന്റ് കെ.പി.സഈദ ആരോപിച്ചു. എസ്റ്റിമേറ്റ് തയാറാക്കി, ടെൻഡർ വിളിച്ച് നടത്തേണ്ടിയിരുന്ന നിർമാണ പ്രവൃത്തികളിൽ മിക്കവയും നടത്താൻ കഴിയാത്ത സ്ഥിതിയായി. റോഡ് റിപ്പയറിങ്ങിനും റീ ടാറിങ്ങിനുമായി മാത്രം 217 പദ്ധതികൾ ഉണ്ടായിരുന്നതിൽ 166 പദ്ധതികൾ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ പറഞ്ഞു. ഇവയാകട്ടെ മുൻ വർഷത്തെ സ്പിൽഓവറും ആയിരുന്നു.
റോഡ് പുനരുദ്ധാരണം ഒഴികെ മറ്റു നിർമാണ പ്രവൃത്തികളുടെ പ്രോജക്ടുകൾ 20 എണ്ണം ഉണ്ടായിരുന്നു. ഇവയ്‌ക്കെല്ലാം എസ്റ്റിമേറ്റ് തയാറാക്കാനോ സാങ്കേതിക അനുമതിക്ക് അയയ്‌ക്കാനോ ടെൻഡർ ക്ഷണിക്കാനോ മാസങ്ങളോളം ഉദ്യോഗസ്ഥരില്ലാത്തതു മൂലം സാധിച്ചില്ല.
ഓവർസിയർമാർ മാസങ്ങളോളം അഡീഷനൽ ചാർജിൽ രണ്ടുദിവസം അതിഥികളെ പോലെ വന്നു പോവുകയായിരുന്നു. 2023 ജൂലൈ മാസത്തിൽ പഞ്ചായത്തിലെ സെക്കൻഡ് ഗ്രേഡ് ഓവർസിയറേയും തേർഡ് ഗ്രേഡ് ഓവർസിയറെയും സ്ഥലം മാറ്റിയതിനുശേഷം 7 മാസം കഴിഞ്ഞാണ് മറ്റൊരാൾ വന്നത്. 2024 സെപ്‌റ്റംബർ മാസം അദ്ദേഹവും പോയി. പിന്നീട് ഇതുവരെയും ഓവർസിയർമാരെ നിയമിച്ചിട്ടില്ല. എസ്റ്റിമേറ്റുകൾ മുഴുവനും തയാറാക്കേണ്ടത് ഓവർസിയർമാരാണ്.
വീട് റിപ്പയറുകൾ പൂർത്തിയാക്കിയാൽ അവ പരിശോധിച്ച് അളവുകൾ രേഖപ്പെടുത്തി ചെലവ് നിർണയിക്കേണ്ടതും ഓവർസിയർമാരാണ്. ഇതു കാരണം റോഡ് പുനരുദ്ധാരണ പ്രവൃത്തികൾക്ക് വകയിരുത്തിയിരുന്ന 6.74 കോടി രൂപയിൽ 3.80 രൂപ മാത്രമാണ് ചെലവായത്. 2.94 കോടി രൂപ സർക്കാർ നഷ്ടപ്പെടുത്തി. മറ്റു വിവിധ നിർമാണ പ്രവൃത്തികളിലെല്ലാം കൂടിയാണ് 4 കോടിയോളം രൂപ നഷ്ടമായത്. പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ഭീമമായ തുക നഷ്ടപ്പെടുത്തിയ സർക്കാറിനോട് ജനങ്ങൾ കണക്ക് ചോദിക്കണമെന്ന് ഇരുവരും പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ