
Perinthalmanna Radio
Date: 08-04-2026
മലപ്പുറം ∙ പശ്ചിമേഷ്യയിലെ അശാന്തി ജില്ലയിലെ ചില മണ്ഡലങ്ങളിലെങ്കിലും തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമോയെന്ന ആശങ്കയിൽ മുന്നണികൾ. ജില്ലയിലെ 4 മണ്ഡലങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തെക്കാൾ പ്രവാസി വോട്ടർമാർ ഇത്തവണയുണ്ട്. എന്നാൽ, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം പ്രവാസി വോട്ടർമാർക്കായി ഇത്തവണ പാർട്ടികളോ സംഘടനകളോ ചാർട്ടേഡ് വിമാനം ഏർപ്പാടാക്കിയിട്ടില്ല. തിരഞ്ഞെടുപ്പു സമയത്ത് നാട്ടിലെത്താമെന്ന് പദ്ധതിയിട്ട് അവധിക്കായി കാത്തിരുന്ന പലർക്കും നാട്ടിലെത്താനായിട്ടില്ല. എന്നാൽ, വ്യക്തിപരമായി ഒട്ടേറെ പ്രവാസി വോട്ടർമാർ നാട്ടിലെത്തിയിട്ടുണ്ട്. പുതുക്കിയ വോട്ടർപട്ടിക പ്രകാരം സംസ്ഥാനത്ത് 2,42,093 പ്രവാസി വോട്ടർമാരുണ്ട്. 41,962 വോട്ടർമാരുള്ള മലപ്പുറം ജില്ലകളിൽ മൂന്നാമതാണ്.
ജില്ലയിൽ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തെക്കാൾ പ്രവാസി വോട്ടർമാരുള്ളത്. 2021ൽ യുഡിഎഫ് 38 വോട്ടിനു ജയിച്ച പെരിന്തൽമണ്ണയിൽ പ്രവാസി വോട്ടർമാരുടെ എണ്ണം 1539 ആണ്. മന്ത്രി വി.അബ്ദുറഹിമാൻ 985 വോട്ടിനു ജയിച്ച താനൂരിൽ പ്രവാസി വോട്ടർമാർ 4027 പേരുണ്ട്. ഇത്തവണ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസും ഇടതു സ്വതന്ത്രൻ ടി.മുഹമ്മദ് ഷമീറും തമ്മിലാണ് മത്സരം.
ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന തിരൂരിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ളത്. മന്ത്രി വി.അബ്ദുറഹിമാനും സിറ്റിങ് എംഎൽഎ കുറുക്കോളി മൊയ്തീനും ഏറ്റുമുട്ടുന്ന മണ്ഡലത്തിലെ ഫലത്തെ സ്വാധീനിക്കാവുന്ന ശക്തിയാണ് പ്രവാസികൾ. ഇവിടെ ആകെ 9405 പ്രവാസി വോട്ടർമാരുണ്ട്. കഴിഞ്ഞ തവണ കുറുക്കോളി മൊയ്തീൻ ജയിച്ചത് 7214 വോട്ടിനാണ്. പ്രവാസി വോട്ടർമാർ നിർണായകമാകുന്ന മറ്റൊരു മണ്ഡലം തവനൂരാണ്. കെ.ടി.ജലീൽ കഴിഞ്ഞ തവണ ഫിറോസ് കുന്നുംപറമ്പിലിനെ തോൽപിച്ചത് 2185 വോട്ടുകൾക്കാണ്. ഇത്തവണ ജലീലും വി.എസ്.ജോയിയും ഫൊട്ടോഫിനിഷിലേക്കു പോകുന്ന മണ്ഡലത്തിൽ ആകെ 3446 പ്രവാസി വോട്ടുകളുണ്ട്.
ജില്ലയിൽ ശ്രദ്ധേയമായ മറ്റൊരു പോരാട്ടം നടക്കുന്ന പൊന്നാനിയിൽ നിലവിലെ ഭൂരിപക്ഷത്തെ മറികടക്കാവുന്ന എണ്ണം പ്രവാസി വോട്ടർമാരില്ല. എന്നാൽ, കനത്ത പോരാട്ടം നടക്കുന്ന ഇവിടെ ഇത്തവണ ഓരോ വോട്ടും നിർണായകമാകും. മണ്ഡലത്തിൽ 6071 പ്രവാസി വോട്ടർമാരുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
