
Perinthalmanna Radio
Date: 08-05-2025
ന്യൂഡൽഹി ∙ വാഹന അപകടങ്ങളിൽ പരുക്കേൽക്കുന്നവർക്കു രാജ്യത്ത് എവിടെയും പണമടയ്ക്കാതെ, 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതിയുടെ വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ആരോഗ്യ പദ്ധതിയിൽ (എബിപിഎവൈ) എംപാനൽ ചെയ്ത ആശുപത്രികളിലാണ് പദ്ധതിയുടെ പൂർണ സേവനം ലഭിക്കുക. അപകടം സംഭവിച്ച ദിവസം മുതൽ 7 ദിവസത്തേക്കോ അല്ലെങ്കിൽ പരമാവധി ഒന്നര ലക്ഷം രൂപ വരെയോ ഉള്ള ചികിത്സയ്ക്കാണ് സൗജന്യം.
പൊതു റോഡുകളിൽ വാഹനാപകടങ്ങൾക്ക് ഇരയാകുന്നവർക്ക് അടിയന്തര കാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്ന ‘കാഷ്‌ലെസ് ട്രീറ്റ്‌മെന്റ് ഓഫ് റോഡ് ആക്‌സിഡന്റ് വിക്ടിംസ് സ്‌കീം-2025’ നിലവിൽ വന്നതോടെ ഒന്നരലക്ഷം രൂപ വരെയോ 7 ദിവസം വരെയോ ചികിത്സ സൗജന്യമായിരിക്കും. സംസ്ഥാനത്ത് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ആരോഗ്യ പദ്ധതിയിൽ (എബിപിഎവൈ) എംപാനൽ ചെയ്ത 643 ആശുപത്രികളിലാണ് സൗജന്യ ചികിത്സ ലഭ്യമാക്കുക.
മറ്റു സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവർക്ക് അപകടനില തരണം ചെയ്യുന്നതു വരെയുള്ള ചികിത്സച്ചെലവ് സൗജന്യമായി ലഭിക്കും.
ഈ തുക ആശുപത്രികൾക്ക് നേരിട്ട് ക്ലെയിം ചെയ്യാം. തുടർന്ന് പട്ടികയിലുള്ള ആശുപത്രിയിലേക്ക് രോഗിയെ മാറ്റണം.
പദ്ധതി നടത്തിപ്പ്
ദേശീയ ആരോഗ്യ അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാഥമിക ഏജൻസി. സംസ്ഥാനങ്ങളിലെ റോഡ് സേഫ്റ്റി കൗൺസിൽ, പോലീസ്, ആശുപത്രികൾ, ആരോഗ്യ ഏജൻസികൾ തുടങ്ങിയവർ സഹകരിക്കും.
പദ്ധതിക്കായി പ്രത്യേക ഡിജിറ്റൽ പോർട്ടലിനു രൂപം കൊടുക്കും. ആശുപത്രികളുടെ വിവരങ്ങൾ, ക്ലെയിമിനുള്ള നടപടി ക്രമങ്ങൾ, ചികിത്സയും പണമടയ്ക്കലും തുടങ്ങിയവ ഈ പോർട്ടൽ വഴി ഏകോപിപ്പിക്കും. സംസ്ഥാനത്ത് റോഡ് സുരക്ഷാ കൗൺസിലാണ് നോഡൽ ഏജൻസി. ക്ലെയിമുകൾ 10 ദിവസത്തിനുള്ളിൽ തീർപ്പാക്കി ആശുപത്രികൾക്ക് പണം കൈമാറും
2024 ഓഗസ്റ്റിൽ പ്രഖ്യാപിച്ചിട്ടും പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസം വരുന്നതിനെതിരെ സുപ്രീം കോടതി വിമർശനമുന്നയിച്ചതോടെയാണ് ഗസറ്റ് വിജ്ഞാപനം ഇറക്കിയത്.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ