
നവംബർ 20ന് അകം ആദ്യഘട്ട ടാറിങ് പൂർത്തിയാക്കണം
Perinthalmanna Radio
Date: 08-10-2024
പെരിന്തൽമണ്ണ: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി 4 വർഷത്തോളമായി പ്രവൃത്തി ഇഴയുന്ന പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയിലെ പുലാമന്തോൾ–മേലാറ്റൂർ ഭാഗത്തിന്റെ നവീകരണം വീണ്ടും വിവാദ കമ്പനിക്ക്. നിർമാണ സ്‌തംഭനത്തെ തുടർന്ന് 2 തവണ നീക്കം ചെയ്യപ്പെട്ട കരാർ കമ്പനിക്ക് തന്നെ വീണ്ടും നിർമാണച്ചുമതല കൈമാറി. തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. നവംബർ 20ന് അകം ആദ്യഘട്ട ടാറിങ് പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കുമെന്നാണ് കമ്പനിയുടെ ഉറപ്പ്. ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സമര സമിതിയുടെയും സംയുക്ത യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
കരാറുകാർക്ക് കർശന നിർദേശം നൽകിയതായി നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തിയ കരാറുകാരെ സർക്കാർ ഒഴിവാക്കിയിരുന്നു. ഈ നടപടി താൽക്കാലികമായി മരവിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഹൈദരാബാദ് കേന്ദ്രമായുള്ള കെഎംസി എന്ന കമ്പനിയാണ് പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തത്.
ഈ കമ്പനി ചെന്നൈയിലുള്ള കെജികെ കൺസ്ട്രക്‌ഷൻസ് എന്ന കമ്പനിക്ക് ഉപകരാർ നൽകിയതായിരുന്നു. ഈ കമ്പനിയായിരുന്നു ഇതുവരെ പ്രവൃത്തി നടത്തി വന്നത്. ഇവരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് യോഗത്തിൽ പങ്കെടുത്തവർ കുറ്റപ്പെടുത്തി. കരാർ കമ്പനിയെ ഒഴിവാക്കി പ്രധാന കരാറുകാർതന്നെ പ്രവൃത്തി നടത്തണമെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം. ഇത് പ്രധാന കരാർ കമ്പനിയായ കെഎംസി അംഗീകരിക്കുകയായിരുന്നു.
കരാർ അവസാനിപ്പിച്ച് മറ്റൊരു കരാറുകാരെ ഏൽപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് മാസങ്ങൾ എടുക്കുമെന്നതിനാലാണ് നിലവിലുള്ള കരാർ കമ്പനിക്ക് ഒരു അവസരം കൂടി നൽകാൻ യോഗം തീരുമാനിച്ചത്. 18ന് അകം കട്ടുപ്പാറ മുതൽ പുളിങ്കാവ് വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കും. 2025 മേയ് മാസത്തിനകം റോഡ് പ്രവൃത്തി പൂർണമായി പൂർത്തിയാക്കാനാണ് കരാറുകാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
മേലാറ്റൂർ, ചെറുകര റെയിൽവേ ഗേറ്റുകളോട് ചേർന്ന പ്രവൃത്തികളും ടാറിങ് പ്രവൃത്തികൾക്ക് സമാന്തരമായി നടത്തും.
നിലവിൽ നടത്തിയിട്ടുള്ള പ്രവൃത്തിയുടെ ഗുണനിലവാരം പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗവും പ്രവൃത്തി പുരോഗതി പൊതുമരാമത്ത് വകുപ്പ് നേരിട്ടും പരിശോധിക്കും. കെഎസ്ടിപി സൂപ്രണ്ടിങ് എൻജിനീയറും എക്സിക്യൂട്ടീവ് എഞ്ചിനീയറും പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കും.
റോഡിന്റെ തുടർന്നുള്ള പ്രവൃത്തികൾ നിരീക്ഷിക്കുന്നതിന് മോണിറ്ററിങ് സമിതിക്ക് യോഗം രൂപം നൽകി.
നജീബ് കാന്തപുരം എംഎൽഎ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി.ഷാജി, പുലാമന്തോൾ, മേലാറ്റൂർ, ഏലംകുളം, വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റുമാർ, കെഎസ്ടിപി ഉന്നത ഉദ്യോഗസ്ഥർ, മരാമത്ത് വകുപ്പ് മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി എന്നിവർ ഈ സമിതിയിൽ അംഗങ്ങളാണ്.
യോഗത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ്, നജീബ് കാന്തപുരം എംഎൽഎ, നഗരസഭാ ചെയർമാൻ പി.ഷാജി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സൗമ്യ, സി.എം.മുസ്തഫ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു, കെഎസ്ടിപി ചീഫ് എൻജിനീയർ എം.അൻസാർ, പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരായ ആർ.ഡിറ്റി, പി.വി.ബിജി, കെ.എം.മനോജ്, കെ.ജോസഫ് മാത്യു, എസ്.അഖിൽ, കെ.എ.ജയ, വി.ഡി.അനീഷ് കുമാർ, പി.സി.പ്രിൻസ് ബാലൻ, സമര സമിതി ഭാരവാഹികളായ പി.ചന്ദ്രമോഹൻ, വി.ഇ.ശശിധരൻ, ഷാജി കട്ടുപ്പാറ, മുത്തു കട്ടുപ്പാറ, കുഞ്ഞിമുഹമ്മദ് പുലാമന്തോൾ, ഉണ്ണീൻകുട്ടി കട്ടുപ്പാറ, ഷിനോജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
