
പെരിന്തൽമണ്ണ : ടൗണുകൾ കേന്ദ്രീകരിച്ച് രാത്രിയിൽ വിലയേറിയ ബൈക്കുകൾ മോഷ്ടിച്ച കേസുകളിൽ പ്രതികളായ മൂന്നു യുവാക്കളെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തു. വേങ്ങര ഊരകം സ്വദേശികളായ പന്നിയത്ത് പറമ്പ് ഷംനാഫ് (18), കുറ്റിപ്പുറം വീട്ടിൽ ഷാജികൈലാസ് (19), താഴത്തുവീട്ടിൽ അബുതാഹിർ (19) എന്നിവരെയാണ് പെരിന്തൽമണ്ണ എസ്.എച്ച്.ഒ. സുമേഷ് സുധാകരൻ, എസ്.ഐ. ഷിജോ സി. തങ്കച്ചൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ 27-ന് പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തിൽ നിർത്തിയിട്ട കൊണ്ടോട്ടി സ്വദേശിയായ വിദ്യാർഥിയുടെ ഒന്നര ലക്ഷം രൂപയിലേറെ വിലയുള്ള ബൈക്ക് മോഷണം പോയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടയിൽ ഈമാസം രണ്ടിന് രാത്രി പൊന്ന്യാകുർശി ബൈപ്പാസിൽ വീടിനു സമീപം നിർത്തിയ യുവാവിന്റെ ബൈക്ക് മോഷ്ടിച്ചതായുള്ള പരാതിയും ലഭിച്ചു. തുടർച്ചയായി ബൈക്ക് മോഷണം നടന്നതോടെ ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. ഈ സംഘം ടൗണിലും പരിസരങ്ങളിലുമുള്ള കാമറ ദൃശ്യങ്ങൾ ശേഖരിച്ചും മറ്റും നടത്തിയ അന്വേഷണത്തിൽ വേങ്ങര കേന്ദ്രീകരിച്ചുള്ള ബൈക്ക് മോഷണസംഘത്തെക്കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് വേങ്ങരയിലും പരിസരങ്ങളിലും നിന്നായി മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി ബൈക്കുകൾ മോഷ്ടിച്ചതായി പോലീസിനു വിവരമുണ്ട്.
നമ്പർ പ്ലേറ്റുകൾ മാറ്റിയ ശേഷം മോഷണം നടത്തിക്കൊണ്ടുവരുന്ന ബൈക്കുകൾ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ നമ്പർ പ്ലേറ്റ് വെച്ചും നമ്പറില്ലെന്നും ഉപേക്ഷിച്ച നിലയിൽ കിട്ടിയതാണെന്നും മറ്റും പറഞ്ഞ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതാണ് രീതിയെന്ന് പോലീസ് പറഞ്ഞു. ഷാജി കൈലാസിന്റെ പേരിൽ തൃശ്ശൂർ, തൃത്താല, താനൂർ എന്നിവിടങ്ങളിൽ ബൈക്ക് മോഷണ ക്കേസുകളുണ്ട്. അടുത്തിടെയാണ് ജാമ്യത്തിൽ ജയിലിൽ നിന്നിറങ്ങിയത്. കൂടുതൽ ബൈക്കുകൾ മോഷ്ടിച്ചിട്ടുണ്ടോയെന്നത് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി. ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ അഡീഷണൽ എസ്.ഐ. ഷാഹുൽ ഹമീദ്, പി. പ്രശാന്ത്, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്കുമാർ, കെ. ദിനേശ്, പ്രഭുൽ എന്നിവരുമുണ്ടായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————–
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
