സ്വർണ കവർന്ന കേസിൽ ഒരാളെക്കൂടി പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു

Share to

Perinthalmanna Radio
Date: 08-12-2024

പെരിന്തൽമണ്ണ ∙ ജ്വല്ലറി ഉടമകളെ ആക്രമിച്ച് 3.2 കിലോ സ്വർണം കവർന്ന കേസിൽ ഒരാളെക്കൂടി പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള കുഴൽപണക്കടത്തു സംഘാംഗവും കോഴിക്കോട് അഴിയൂർ കോരോത്ത് റോഡ് സ്വദേശിയുമായ പുതിയോട്ട് താഴെകുനിയിൽ ശരത്തിനെ (27) ആണ് ഒളിവിൽ കഴിയുന്നതിനിടെ പ്രത്യേക അന്വേഷണ സംഘം ബെംഗളൂരുവിൽനിന്നു കസ്റ്റഡിയിലെടുത്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.

പിടിയിലായ മറ്റു പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് കണ്ണൂർ, വിരാജ്പേട്ട എന്നിവിടങ്ങളിലുള്ള, ശരത്തിന്റെ സംഘത്തിലുൾപ്പെട്ട ചിലരെക്കുറിച്ചുള്ള സൂചനകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. മറ്റു പ്രതികളെ അറസ്റ്റ് ചെയ്തതോടെ ഒളിവിൽ പോയ ശരത്ത് പത്തനംതിട്ടയിലും കണ്ണൂരിലും ഒളിവിൽ കഴിഞ്ഞ ശേഷം ബെംഗളൂരുവിലേക്കു കടക്കുകയായിരുന്നു.

കഴിഞ്ഞ 21ന് രാത്രി എട്ടരയോടെയാണു പെരിന്തൽമണ്ണയിൽ കടയടച്ചു വീട്ടിലേക്കു സ്കൂട്ടറിൽ പോവുകയായിരുന്ന കെഎം ജ്വല്ലറിയുടമകളായ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും കാറുകൊണ്ട് ഇടിച്ചിട്ടു മാരകമായി പരുക്കേൽപിച്ച് സംഘം സ്വർണം കവർന്നത്.

പൊലീസ് സംസ്ഥാനത്തിനകത്തും പുറത്തും നടത്തിയ അന്വേഷണത്തിൽ ശരത്തിന്റെ ബെംഗളൂരുവിലെ ഒളിത്താവളത്തെക്കുറിച്ചു വിവരം ലഭിച്ചതോടെ പ്രത്യേക അന്വേഷണസംഘം അവിടെയെത്തി ഇയാളെ പിടികൂടുകയായിരുന്നു. കവർച്ച ആസൂത്രണം ചെയ്ത കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണു ശരത്തെന്നു പൊലീസ് പറഞ്ഞു. ശരത്തിന്റെ പേരിൽ ചോമ്പാല, ചൊക്ലി പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ 14 കേസുകളുണ്ട്. ബെംഗളൂരു മഹാദേവപുര പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞവർഷം കുഴൽപണം കവർന്ന കേസും നിലവിലുണ്ട്. ഈ കേസുകളിൽ ജാമ്യത്തിലിറങ്ങിയതാണ്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, പെരിന്തൽമണ്ണ ഡിവൈഎസ്പി ടി.കെ.ഷൈജു എന്നിവരുടെ നേതൃത്വത്തിൽ സിഐമാരായ ദീപകുമാർ, സുമേഷ് സുധാകരൻ എന്നിവരും പെരിന്തൽമണ്ണ പൊലീസും ജില്ലാ ഡാൻസാഫ് സ്ക്വാഡുമാണു പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *