നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിനെ വെറുതെവിട്ടു, ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാർ

Share to


Perinthalmanna Radio
Date: 08-12-2025

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. അതേസമയം, ഒന്ന് മുതൽ ആറു വരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദിലീപ് എട്ടാം പ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ചൊവ്വാഴ്ചയാണ് വിചാരണ നടപടി പൂര്‍ത്തിയാക്കിയത്. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ വിധിവരുന്നത് സംഭവം നടന്നത് മുതല്‍ എട്ടു വര്‍ഷത്തിനുശേഷമാണ്.

ഒന്നാംപ്രതി എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി) ഉള്‍പ്പെടെ പത്തു പ്രതികളാണ് രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേസിലുള്ളത്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്.

പ്രതിഭാഗം 221 രേഖകള്‍ ഹാജരാക്കി. കേസില്‍ 28 പേര്‍ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. സംഭവമുണ്ടായി തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തില്‍ ജൂലായിലാണ് നടന്‍ ദിലീപ് അറസ്റ്റിലായത്.

2018 മാര്‍ച്ച് എട്ടിനാണ് വിചാരണ നടപടി ആരംഭിച്ചത്. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചു. രഹസ്യവിചാരണയാണ് നടന്നത്. പിന്നീട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാംകുറ്റപത്രം നല്‍കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു കെ. പൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. ആദ്യ പ്രതിപ്പട്ടികയില്‍ ചിലരെ ഒഴിവാക്കുകയും മറ്റുചിലരെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.

അതിജീവിതയും പ്രതികളിലൊരാളും സിനിമാമേഖലയില്‍നിന്നാണെന്നതും കേസില്‍ അതിജീവിത സ്വീകരിച്ച ശക്തമായ നിലപാടുകളുമെല്ലാം കാരണം വിഷയം ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.

മലയാള സിനിമാമേഖലയില്‍ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന വനിതാ കൂട്ടായ്മയുടെ രൂപവത്കരണത്തിന് കാരണമായതും നടിക്കുനേരേയുണ്ടായ ഈ അതിക്രമമാണ്. സിനിമാമേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ പിന്നീട് ഹേമ കമ്മിറ്റിയെ നിയമിച്ചു.

Share to

Leave a Reply

Your email address will not be published. Required fields are marked *