
Perinthalmanna Radio
Date: 09-03-2025
പെരിന്തല്‍മണ്ണ: 2020ല്‍ ഏഴു കോടി രൂപക്ക് പൂർത്തിയാക്കാൻ നിശ്ചയിച്ച് പ്രവൃത്തി തുടങ്ങി നാലു കോടി ചെലവിട്ട് ഭാഗികമായി നില്‍ക്കുന്ന ടൗണ്‍ഹാളിന് വീണ്ടും 7.75 കോടിയുടെ ടെൻഡർ.
രണ്ടും മൂന്നും ഘട്ട നിർമാണത്തിന് പൊതുമേഖല സ്ഥാപനമായ എഫ്.ഐ.ടിയാണ് ഏറ്റെടുത്തത്. പാതിവഴിയില്‍ കിടക്കുന്ന ടൗണ്‍ഹാള്‍ കെട്ടിടം പൂർത്തിയാക്കാൻ രണ്ടാംഘട്ടത്തിന് 3.8 കോടി, ശേഷിക്കുന്ന മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കി താക്കോല്‍ കൈമാറുന്നതിന് 3.95 കോടി എന്നിങ്ങനെ 7.75 കോടിയുടെ കരാറാണ് ഉറപ്പിച്ചത്.
സുപ്രധാനമായ തീരുമാനം പക്ഷേ, വ്യാഴാഴ്ച നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നേരത്തേ വിതരണംചെയ്ത പ്രധാന അജണ്ടയിലോ സപ്ലിമെന്ററി അജണ്ടയിലോ വന്നില്ല. ഒടുവില്‍ യോഗത്തില്‍ അജണ്ടയായി കുറിപ്പ് വായിച്ച് ഉള്‍പ്പെടുത്തിയാണ് തീരുമാനമെടുത്തത്. രണ്ടാംഘട്ട പ്രവൃത്തിക്ക് ടെൻഡർ ക്ഷണിക്കാൻ ഫെബ്രുവരി 13ന് നടന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. 2021 മുതല്‍ ടൗണ്‍ ഹാളിന്റെ തുടർനിർമാണ പ്രവൃത്തികള്‍ നാലു വർഷത്തോളമായി മുടങ്ങിക്കിടന്നതാണ്. മൂന്നു നിലകളില്‍ 22, 714 ചതുരശ്ര മീറ്ററാണ് പുതുതായി നിർമിക്കുന്ന ടൗണ്‍ഹാളിന് 2020ല്‍ വിഭാവന ചെയ്തത്. ഏഴു കോടി രൂപയാണ് അഞ്ചു വർഷം മുമ്ബ് കണക്കാക്കിയത്. മൂസക്കുട്ടി സ്മാരക ടൗണ്‍ഹാള്‍ കാലപ്പഴക്കം കാരണം 2019ലാണ് പൊളിച്ച് ഏഴുകോടിയില്‍ നവീകരിക്കാനുള്ള പദ്ധതി തയാറാക്കിയത്.
ഗ്രൗണ്ട് ഫ്ലോറില്‍ 250ഓളം പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം, കിച്ചണ്‍ എന്നിവയും ഒന്നാം നിലയില്‍ 504 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും വിഭാവന ചെയ്തിട്ടുണ്ട്.
ആധുനിക സൗകര്യങ്ങളോടെ 2020 തുടക്കത്തിലാണ് ആരംഭം കുറിച്ചത്.
സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതുകൊണ്ടാണ് ഈ നിരക്കുവ്യത്യാസം. നഗരസഭയുടെ പ്രധാന സെമിനാറുകളും പൊതുപരിപാടികളും കഴിഞ്ഞ അഞ്ചു വർഷമായി പണം ചെലവിട്ട് സ്വകാര്യ ഓഡിറ്റോറിയങ്ങളിലാണ് നടത്തുന്നത്. പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കി മേയ് 15ന് ഉദ്ഘാടനം നടത്താനാവുമെന്ന് നഗരസഭ ചെയർമാൻ പി. ഷാജി അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
