
Perinthalmanna Radio
Date: 09-04-2025
ആലിപ്പറമ്പ് : ഹൈസ്‌കൂൾ, കാളികടവ് പ്രദേശവാസികൾ വർഷങ്ങളായി തകർന്ന് ഗതാഗതം ദുഷ്‌കരമായ റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങുന്നു. ആലിപ്പറമ്പ് പള്ളിക്കുന്ന്-ഹൈസ്‌കൂൾ-കാളികടവ് റോഡും ഹൈസ്‌കൂൾ വില്ലേജ് റോഡുമാണ് തകർന്ന് ഗതാഗതം ദുഷ്‌കരമായിരിക്കുന്നത്.
പൂവത്താണി-കാമ്പുറം റോഡിലെ പള്ളിക്കുന്നിൽനിന്ന് തുടങ്ങുന്ന ഹൈസ്‌കൂൾ-കാളികടവ് റോഡ് പിഎംജിഎസ്‌വൈ പദ്ധതിയിലുൾപ്പെടുത്തി 2010-ലാണ് ടാറിട്ടത്. ടാർ ചെയ്തതിനുശേഷം യാതൊരു അറ്റകുറ്റപ്പണിയും ചെയ്യാത്തതിനാൽ റോഡിൽകൂടി മഴവെള്ളം ഒഴുകി ചാലുകളും കുഴികളും ആയിട്ടുണ്ട്.
എരേരത്ത് ഇറക്കം, കളരിപ്പടി, ഹയർസെക്കഡറി സ്‌കൂൾ പരിസരം, കാളികടവ് തുടങ്ങിയ എല്ലാ ഭാഗങ്ങളും തകർന്നിട്ടുണ്ട്. ഇരുച്ചക്രവാഹനങ്ങൾ കുഴികളിൽ വീണുണ്ടാകുന്ന അപകടങ്ങൾ പതിവായപ്പോൾ കഴിഞ്ഞ വർഷം ജനങ്ങൾ പിരിവെടുത്ത് അപകടക്കുഴികൾ നികത്തിയിരുന്നു.
ഹൈസ്‌കൂൾ കാളികടവ് ഭാഗത്തുനിന്ന് കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കരിങ്കല്ലത്താണിയിലെത്താനുള്ള ഏക റോഡാണിത്. രണ്ട് കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ തകർച്ച സ്‌കൂൾ വിദ്യാർഥികൾക്കും ഹൈസ്‌കൂളിലേക്ക് വരുന്നവർക്കും ദുരിതമാകുന്നു. പെരിന്തൽമണ്ണയിൽ നിന്ന് ആലിപ്പറമ്പിലേക്ക് സർവീസ് നടത്തുന്ന ബസുകൾക്കും റോഡിന്റെ തകർച്ച പ്രതിസന്ധിയാകുന്നു.
പതിനേഴ് വർഷങ്ങൾക്ക് മുൻപാണ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ വില്ലേജ്-ഹൈസ്‌കൂൾ റോഡ് ടാറിട്ടത്. കാളികടവ്, ഹൈസ്‌കൂൾ, തൃപ്പൂതാംപുഴ ഭാഗങ്ങളിൽനിന്ന് പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി സംസ്ഥാനപാതയിലെ തൂതയിലെത്താനുള്ള ഏക റോഡാണ് ഹൈസ്‌കൂൾ വില്ലേജ് റോഡ്. പൊതുമരാമത്തുവകുപ്പിനു കീഴിലുള്ള ബിടാത്തി പാറക്കണ്ണി-തൂത തെക്കേപ്പുറം റോഡിലെ ആലിപ്പറമ്പ് വില്ലേജോഫീസിന് സമീപത്തുനിന്ന് തുടങ്ങുന്ന റോഡിന് ഒന്നര കിലോമീറ്ററോളം ദൈർഘ്യമുണ്ട്. റോഡിന്റെ തകർച്ച കാരണം ഇതിലൂടെയുള്ള ഗതാഗതവും ദുഷ്‌കരമായി. രണ്ട് റോഡുകളും നന്നാക്കണമെന്നാവശ്യപ്പെട്ട് സമരം ആരംഭിക്കാൻ പ്രാദേശിക ജനകീയ കർമസമിതി രൂപവത്കരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ