ഐപിഎല്‍ നിര്‍ത്തിവെച്ചത് ഒരാഴ്ചത്തേക്ക് മാത്രം; ഔദ്യോഗിക പ്രഖ്യാപനവുമായി ബിസിസിഐ

Share to

Perinthalmanna Radio
Date: 09-05-2025

ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചതില്‍ ഔദ്യോഗിക പ്രഖ്യാപനവുമായി ബിസിസിഐ. ഒരാഴ്ചത്തേക്ക് മത്സരങ്ങള്‍ നീട്ടിവെച്ചെന്നാണ് ബിസിസിഐയുടെ അറിയിപ്പ്. പുരോഗമിച്ചുകൊണ്ടിരിക്കുന്ന സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടി വെച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. ഇതിനുപിന്നാലെയാണ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചെന്ന് ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്.

‘ഐപിഎല്‍ മത്സരങ്ങള്‍ തല്‍ക്കാലം നീട്ടിവയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. താരങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അതിനാല്‍ ടൂര്‍ണമെന്റ് തല്‍ക്കാലം നിര്‍ത്തിവെക്കുകയാണ്. ബാക്കിയുള്ള മത്സരങ്ങള്‍ നടത്താന്‍ കഴിയുമോയെന്നും എന്ന് നടത്താനാകുമെന്നും പിന്നീട് പരിശോധിക്കും. ഇപ്പോള്‍ രാജ്യത്തിനാണ് പ്രാധാന്യം’, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്ക് ശേഷം അതിര്‍ത്തിയില്‍ ഇന്നലെ രാത്രി നടന്ന ഇന്ത്യ-പാക് സംഘര്‍ഷം ക്രിക്കറ്റ് ലോകത്തെയും പിടിച്ചുകുലുക്കിയിരുന്നു. ഐപിഎല്ലില്‍ ഇന്നലെ ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്‌സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കുകയായിരുന്നു. ഡല്‍ഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെ മാച്ച് ഒഫീഷ്യല്‍സിന് അതിര്‍ത്തി ജില്ലകളിലെ പാക് ആക്രമണത്തിന്റെ അറിയിപ്പ് ലഭിച്ചത്. പിന്നാലെ ഗ്രൗണ്ടിലെ ഫ്‌ലഡ് ലൈറ്റുകള്‍ ഓഫായി. ഉടന്‍ മത്സരവും നിര്‍ത്തിവെക്കുകയായിരുന്നു.

ഈ സമയം മത്സരം കാണാനായി പതിനായിരക്കണക്കിന് ക്രിക്കറ്റ് ആരാധകര്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശകളിക്കാരെല്ലാം സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പലരും അനുമതി ചോദിക്കുകയും ചെയ്തിരുന്നു. ഐപിഎല്‍ പ്ലേ ഓഫിന് മുമ്പ് ഇനി 12 മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഇതിനിടെയാണ് ബിസിസിഐ നിര്‍ണായക തീരുമാനമെടുത്തത്.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *